തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പിന്തുണ. ജലീലിനെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തല്‍.

യോഗ്യതയുള്ളവര്‍ ഇല്ലാതെ വന്നപ്പോള്‍ നടത്തിയ ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിര്‍ത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

നിയമനത്തില്‍ പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. യൂത്ത് ലിഗ് ഉന്നയിച്ച ആരോപണത്തില്‍ ജലീല്‍ തന്നെ പല തവണ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചതിനാല്‍ പാര്‍ട്ടിയുടെ പ്രത്യേക പത്രകുറിപ്പിന്റെ ആവശ്യമില്ലെന്നും യോഗത്തില്‍ ധാരണയായി. ജലീലിനെതിരെയുള്ള ബന്ധുനിയമന ആരോപണം ആദ്യമായാണ് സിപിഎം സെക്രട്ടറിയറ്റ് ഇന്ന് പരിഗണിച്ചത്.