കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി മന്ത്രി ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ കൈവിടാതെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനും എം.ഡിയും രംഗത്തെത്തി. കെ.ടി അദീപിനെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചത് അയാള്‍ക്ക് മാത്രമാണ് യോഗ്യതയുണ്ടായിരുന്നത് എന്നത് വ്യക്തമായത് കൊണ്ടാണെന്ന് ചെയര്‍മാന്‍ എ.പി അബ്ദുള്‍വഹാബ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഏഴുപേര്‍ കൂടിക്കാഴ്ചയ്ക്ക് വന്നതില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയും ജോലി പരിചയവും കെ.ടി അദീപിന് മാത്രമാണുണ്ടായിരുന്നത്. മാത്രമല്ല സൗത്ത്ഇന്ത്യന്‍ ബാങ്ക് ഒരു സ്റ്റാറ്റിയൂട്ടറി ബോര്‍ഡാണ്. അതുകൊണ്ട് നിയമനം നല്‍കിയതില്‍  തെറ്റില്ലെന്ന് മാത്രമല്ല അവിടെയുണ്ടായിരുന്ന ഏറ്റവും മികച്ച ഉദ്യോഗസ്ഥനായിരുന്ന അദീപിനെ ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചിതെന്നും അബുദുള്‍ വഹാബ് പറഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു ജനറല്‍മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ഏഴുപേരുടെ പേരും യോഗ്യതയും കോര്‍പറേഷനിലെത്തി പരിശോധിച്ച ശേഷം  യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് എം.ബി.എ ഉണ്ടായിരുന്നുവെങ്കിലും അവര്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് കൊണ്ട്  ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കാന്‍ കഴിയുമായിരുന്നില്ല എന്നാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. ആറാമത്തെയാള്‍ ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നുവെങ്കിലും എം.ബി.എ ഇല്ലാത്തതിനാല്‍ അയാളെയും നിയമിക്കാന്‍ സാധിച്ചില്ല. ഏഴാമതായുള്ള അദീപീന് യോഗ്യതാ പുനര്‍നിര്‍ണയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പിജിഡിബിഎയും പ്രവൃത്തി പരിചയവുമുണ്ട്. മാത്രമല്ല അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനം നിയമനം നല്‍കാനുള്ള  മറ്റൊരു കാരണമായെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

യൂത്ത് ലീഗിന്റെ തുടര്‍ച്ചയായുള്ള ആരോപണത്തിലും പ്രതിഷേധ പരിപാടികളും മൂലം പ്രതിരോധത്തിലായ മന്ത്രി കെ.ടി ജലീലിന് ഏറെ ആശ്വാസമാകുന്നതാണ് കോര്‍പറേഷന്റെ വിശദീകരണം. യൂത്ത് ലീഗിന് പുറമെ യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വിഷയത്തില്‍ കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമര രംഗത്തെത്തിയിരുന്നു. മന്ത്രി ബന്ധുവെന്ന രീതിയില്‍ യോഗ്യതകള്‍ മാറ്റി നിശ്ചയിച്ച് അനധികൃത നിയമനം നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിശദീകരണവും വാര്‍ത്താ സമ്മേളനത്തിലെ വിശീദീകരണവും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലെത്തിച്ചിരുന്നു.  ഇതിനിടെയാണ് മന്ത്രിക്ക് പൂര്‍ണപിന്തുണ നല്‍കിക്കൊണ്ട് കോര്‍പറേഷന്‍ ചെയര്‍മാനും എം.ഡിയും രംഗത്തെത്തിയത്. 

സംസ്ഥാനത്തെ മറ്റ് കോര്‍പറേഷനുകളിലെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് എം.ബി.എ തന്നെയാണ് ഇപ്പോഴും യോഗ്യത. മാറ്റമുണ്ടായത് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ജനറല്‍മാനേജര്‍ തസ്തികയിലേക്ക് മാത്രമാണ്. യോഗ്യതാ പുനര്‍ നിര്‍ണയം കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആരുടെ നിര്‍ദേശപ്രകാരമാണ് തിരുത്തല്‍ വരുത്തിയത് എന്ന ചോദ്യം ബാക്കിയാണ്. ഇവിടെയാണ് മന്ത്രി ബന്ധുവിന് വേണ്ടി മാത്രം യോഗ്യതകള്‍ തിരുത്തിയെന്ന യൂത്ത്‌ലീഗിന്റെ ആരോപണം പ്രസക്തമാവുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രതികരണവും നടത്താന്‍ എല്‍.ഡി.എഫ് മുന്നണിയോ ഭരണനേതൃത്വമോ തയ്യാറായിട്ടില്ല. 

സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജന്‍സികളിലോ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനല്‍കാന്‍ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യബാങ്കില്‍ ജോലിചെയ്യുന്നയാള്‍ക്ക് എങ്ങനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിനല്‍കിയെന്നതായിരുന്നു യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യം. പക്ഷെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെ നിന്നും ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതില്‍ തെറ്റില്ല എന്ന വാദമാണ് കോര്‍പറേഷന്‍ മുന്നോട്ട് വെക്കുന്നത്. 

നേരത്തേ ബന്ധുനിയമനത്തിന്റെ പേരില്‍ ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ജലീലിന് സമാനമായ ആരോപണമാണ് അന്ന് ഉയര്‍ന്നത്. അന്ന് ബന്ധുനിയമനവിഷയം വിവാദമായപ്പോള്‍, തുടര്‍ന്നുള്ള നിയമനങ്ങളിലെല്ലാം സുതാര്യത വരുത്താന്‍ ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ എം.ഡി., ജനറല്‍ മാനേജര്‍മാരെ നിയമിക്കുന്നത് റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) വഴിയായിരിക്കണമെന്നും നിശ്ചയിച്ചിരുന്നു.