
പെരുമ്പാവൂര്‍: മൂകനും വൃക്കരോഗിയും പാതി തളര്‍ന്ന ശരീരവുമായി കഴിഞ്ഞ നേപ്പാള്‍ സ്വദേശി സാജന്‍ പരിയാര്‍ (25) വിടപറഞ്ഞു. നടക്കാന്‍ കഴിയാത്ത സാജനെ ചുമലിലേറ്റി സംസാരശേഷിയില്ലാത്ത ഭാര്യ സോമായ (23) ആശുപത്രിയിലും മറ്റും കൊണ്ടുപോയിരുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ഇവരെക്കുറിച്ച് കഴിഞ്ഞ നവംബര്‍ 14-ന് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. പിത്താശയവുമായി ബന്ധപ്പെട്ട അസുഖത്തിന് കഴിഞ്ഞ ആഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാജന്‍ ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
കോട്ടയം നഗരസഭ വക ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. പെരുമ്പാവൂര്‍ അല്ലപ്രയിലെ ലേബര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന യുവ ദമ്പതിമാരുടെ ദുരവസ്ഥ കേട്ടറിഞ്ഞ് കഴിഞ്ഞ നവംബറില്‍ ഇവരുടെ സംരക്ഷണം കോതമംഗലം പീസ് വാലി ഫൗണ്ടേഷന്‍ ഏറ്റെടുത്തിരുന്നു. ഡയാലിസിസ് മുടങ്ങി ജീവന്‍ അപകടത്തിലായിരുന്ന അവസ്ഥയിലാണ് സാജനെ പീസ് വാലി അധികൃതരെത്തി കൊണ്ടുപോയത്. ഡയാലിസിസ് പുനരാരംഭിച്ചതോടെ അപകടനില തരണം ചെയ്തു.
നേപ്പാള്‍ സ്വദേശികളാണെങ്കിലും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. മാതാപിതാക്കളോടൊപ്പം ചെറുപ്പം മുതല്‍ ചെന്നൈയിലാണ് ഇവര്‍ ജീവിച്ചിരുന്നത്. കൗമാരത്തില്‍ പരിചയപ്പെട്ട ഇരുവരും നാലുകൊല്ലം മുന്‍പ് വിവാഹിതരായി.
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് ഫുട്ബോള്‍ കളിക്കിടെ വീഴ്ചയില്‍ പരിക്കേറ്റ് സാജന് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. പ്രണയവിവാഹത്തിന് വീട്ടുകാര്‍ എതിരായതിനാല്‍ ബന്ധുക്കളുമായി അടുപ്പമില്ല.
ജീവിതം വീല്‍ച്ചെയറില്‍ ആയെങ്കിലും സോമായയുടെ ചെറിയ ജോലിയും സുഹൃത്തുക്കളുടെ സഹായവുമൊക്കെയായി മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് മഹാമാരി എത്തിയത്. സംസാരശേഷിയില്ലാത്ത സുഹൃത്തുക്കളുടെ സംഘടന മുഖേന കേരളത്തില്‍ എത്തി. പെരുമ്പാവൂരിലെ സ്വകാര്യസ്ഥാപനത്തില്‍ ശുചീകരണത്തൊഴിലാളിയായിരുന്നു സോമായ. ഇതിനിടെയാണ് സാജന്റെ കിഡ്നി തകരാറിലായത്.
Content Highlights: nepal native sajan pariyar dies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..