അപകടമുണ്ടായ വൈദ്യുതത്തൂണിനടുത്തുകൂടി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി. ബസ്. കൈ തട്ടിയസ്ഥലത്തെ ചോരപ്പാടുകളും കാണാം
ചുള്ളിയോട്: വിദ്യാർഥിയുടെ കൈ അറ്റുപോയ അപകടം സംഭവിച്ച ബത്തേരി-താളൂർ പാതയിൽ അപകടക്കെണിയായി നിലനിൽക്കുന്നത് ഒട്ടേറെ വൈദ്യുതത്തൂണുകൾ. പാതയുടെ നവീകരണം തടസ്സപ്പെടുത്തി നിൽക്കുന്ന തൂണുകളിലൊന്നിൽ തട്ടിയാണ് ആനപ്പാറയിലെ കുന്നത്തൊടി അസ്ലം എന്ന വിദ്യാർഥിക്ക് അപകടം പറ്റിയത്. യാത്രയ്ക്ക് തടസ്സമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ നീക്കംചെയ്യാൻ ഒരുമാസം മുമ്പ് കരാർ നൽകിയെങ്കിലും ഇതുവരെ പണിയാരംഭിച്ചിട്ടില്ല.
ഒരു കെ.എസ്.ആർ.ടി.സി. ബസിന് കഷ്ടിച്ച് കടന്നുപോകാനുള്ള ഇടമേ ഇവിടെയുള്ളൂ. റോഡിനൊരുവശം മണ്ണെടുത്ത കുഴി, മറുവശത്ത് ഇലക്ട്രിക് പോസ്റ്റ്. ഈ പോസ്റ്റിലിടിച്ചാണ് അസ്ലം എന്ന കോളേജ് വിദ്യാർഥിയുടെ കൈ അറ്റ് നിലത്തുവീണത്. നാടിനെ നടുക്കിയ ആ അപകടത്തിന്റെ ചോരപ്പാടുകളാണ് ഇക്കാണുന്നത്. ബത്തേരി-താളൂർ പാതയിൽ യാത്രയ്ക്കിടെ ഒന്ന് പുറത്തേക്ക് നോക്കിയാൽ, കൈ അറിയാതെ പുറത്തേക്കിട്ടാൽ വലിയ അപകടം ഉറപ്പാണ്. റോഡുപണിയുടെ പേരിൽ ഒരുവർഷത്തിലേറെയായി ജനം അനുഭവിക്കുന്ന കഷ്ടതകളുടെ ഒടുവിലത്തെ ഇരയാണ് അസ്ലം ചെറുപ്പക്കാരൻ. അപകടം നടന്നതിന്റെ തൊട്ടടുത്ത് ഒരു തൂൺ നിൽക്കുന്നത് റോഡിന് നടുവിലാണ്. ഇരുവശത്തുകൂടെയും വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകുന്നു. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് അപകടം വഴിമാറിപ്പോകുന്നത് തലനാരിഴയ്ക്കാണ്.
ചുള്ളിയോട് മുതൽ മംഗലംകാപ്പുവരെയുള്ള ഭാഗത്ത് ഇരുപതിലധികം വൈദ്യുതത്തൂണുകളാണ് പാതയുടെ നടുവിലും യാത്രയ്ക്ക് തടസ്സവുമായി നിൽക്കുന്നത്. ബസുകൾ വരുമ്പോൾ മറ്റ് വാഹനങ്ങൾക്ക് പോകാനിടമില്ല. നിറയെ ആളുമായി വരുന്ന ബസിന്റെ ഡ്രൈവർമാർ സാഹസികമായാണ് ഇതുവഴി വണ്ടിയോടിക്കുന്നത്. വാഹനത്തിന്റെ അകത്തിരിക്കുന്നവർക്കും ഭീതിയൊഴിഞ്ഞൊരു യാത്രയില്ല.
റോഡുനവീകരണത്തിനും യാത്രയ്ക്കും തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റിത്തരണമെന്ന് കരാറുകാർ തുടക്കംമുതൽ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല.
പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള പണി ഒരുമാസം മുമ്പ് കരാറേറ്റെടുത്തെങ്കിലും ഇതുവരെ പണിതുടങ്ങിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും മെല്ലെപ്പോക്കും അലംഭാവവുമാണ് വിദ്യാർഥി അപകടത്തിൽപ്പെടാനുണ്ടായ കാരണമെന്ന് പൊതുപ്രവർത്തകനായ സാജു ഐക്കരക്കുന്നത്ത് പറഞ്ഞു.
.jpg?$p=430c1f1&&q=0.8)
Content Highlights: negligence of authorities caused accident at wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..