Representative Image| Photo: Gettyimages
കൊല്ലം: ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയത് പരീക്ഷാ നടത്തിപ്പുസംബന്ധിച്ച് മുന്‍പരിചയമില്ലാത്തവര്‍. ഇവരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും ഉള്‍പ്പെടുന്നു. നീറ്റ് പരീക്ഷയ്ക്ക് ദേഹപരിശോധനയ്ക്കും മറ്റുമായി അഞ്ച് വനിതകളെ ആവശ്യമുണ്ടെന്നുപറഞ്ഞ് കരുനാഗപ്പള്ളിയിലെ ഒരു ഏജന്‍സി മഞ്ഞപ്പാറ പാവൂരിലെ ഒരു ബേക്കറിയുടമയെ സമീപിക്കുകയായിരുന്നു. ബേക്കറിയുടമയുടെ മകളും ജീവനക്കാരുമടക്കം നാല് സ്ത്രീകള്‍ ജോലിക്ക് തയ്യാറായിവന്നു.
കുട്ടികളുടെ ദേഹപരിശോധന നടത്തേണ്ടത് എങ്ങനെയാണെന്ന് വിവരിക്കുന്ന വീഡിയോ ഏജന്‍സി, സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തു. പരീക്ഷാജോലികളിലൊന്നും മുന്‍പരിചയമില്ലാത്ത ഇവര്‍ വീഡിയോയില്‍ കണ്ടതുപോലെയാണ് ദേഹപരിശോധന നടത്തിയത്.
സ്ത്രീകളില്‍ ഒരാള്‍ കോളേജിനു പുറത്തും മൂന്നുപേര്‍ ഉള്ളിലുമായിരുന്നു. ശുചീകരണജോലികള്ക്കായി രണ്ടുസ്ത്രീകളെ കോളേജ് അധികൃതരും നിയോഗിച്ചിരുന്നു. സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയ വിദ്യാര്‍ഥിനികളോടു പുറത്തുപോകാന്‍ ആവശ്യപ്പെടുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ഇവര്‍ പോലീസിനു മൊഴിനല്‍കിയിട്ടുള്ളത്.പരീക്ഷാമാനദണ്ഡങ്ങളെപ്പറ്റി ഒരറിവുമില്ലാത്തവരെ ഇത്തരം ജോലിക്കു നിയോഗിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് മാര്‍ത്തോമ കോളേജ് അധികൃതരുടെ വിശദീകരണം.
സംഭവത്തില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നിയോഗിച്ച അന്വേഷണസമിതി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും.
അന്വേഷണത്തിന് മൂന്നംഗസമിതി
കൊല്ലം: സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മൂന്നംഗസമിതിയെ നിയോഗിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ഡോ. ശാരദാ പരാശര്‍, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ പ്രിന്‍സിപ്പല്‍ ഒ.ആര്.ശൈലജ, പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയിലെ സുചിത്ര ഷൈജിന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..