
നീനാ പ്രസാദ്, കലാം പാഷ
പാലക്കാട്: നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും ഇതേചൊല്ലിയുള്ള കോടതി വളപ്പിലെ അഭിഭാഷക പ്രതിഷേധം നിയമ വിരുദ്ധമാണെന്നും കലാം പാഷ ചൂണ്ടിക്കാണിച്ചു. പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന് അയച്ച കത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം
നൃത്തം തടസപ്പെടുത്താന്‍ താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. തന്റെ ജീവനക്കാരില്‍ ഒരാള്‍ പാലക്കാട് ഡിവൈഎസ്പിയോട് പരിപാടിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ആറുവര്‍ഷം കര്‍ണാടിക് സംഗീതവും ഭരതനാട്യവും പഠിച്ച ആളാണ് താന്‍. അതിനാല്‍ തന്നെ കലകളോട് വിദ്വേഷം പ്രകടിപ്പിക്കുന്ന ആളല്ല താനെന്നും മതപരമായ കാരണങ്ങളാല്‍ നൃത്തം തടസ്സപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്നും കലാം പാഷ കത്തില്‍ പറഞ്ഞു.
കോടതി വളപ്പില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ച് മറ്റു ജീവനക്കാരെ അലോസരപ്പെടുത്തുന്ന നടപടി ശരിയല്ല. പ്രതിഷേധം ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയതല്ലെന്നാണ് തന്റെ വിശ്വാസം. ഇത്തരം നടപടികള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കലാം പാഷ കത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..