കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല പരിശോധിക്കാന്‍ പ്രത്യേക സംഘം വേണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ). തൃശൂരിലെ ആര്‍ക്കിയോളജിക്കല്‍ യൂണിറ്റാണ് എ.എസ്.ഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. എ.എസ്.ഐ ഉദ്യോഗസ്ഥരും ഒപ്പം സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മോന്‍സന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെ പരിശോധന നടത്തിയത്.

എ.എസ്.ഐ തൃശ്ശൂര്‍, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ശബരിമല സംബന്ധിച്ച വിഷയമായതിനാല്‍ ചെമ്പോല തിട്ടൂരത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാന്‍ വിശദമായ പരിശോധന വേണമെന്നും ഇതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നുമാണ് കത്തില്‍ പറയുന്നത്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. എല്ലാ മേഖലയിലേയും വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ശബരിമല പ്രക്ഷോഭവേളയിലാണ് ചെമ്പോല പുറത്ത് വന്നത്.

ചെമ്പോല മോന്‍സന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. 300 വര്‍ഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നു. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ചെമ്പോല യഥാര്‍ത്ഥമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

Content Highlights: needs detailed examination by expert team in sabarimala chembola says ASI