കൊച്ചി: കേരളത്തിൽ യു ഡി എഫിന്റെ തോൽവിക്ക് ആത്മാർഥതയുള്ള തെറ്റ് തിരുത്തലുകളോ സംഘടനാതലത്തിലുള്ള പരിശോധനകളോ ആണ് വേണ്ടതെന്ന് പി സി വിഷ്ണുനാഥ്. ഇനിയും ക്ലീഷേ ഡയലോഗുകളുമായി ഇരിക്കുകയല്ല പകരം തെറ്റ് തിരുത്തലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുണ്ടറയിലെ വിജയത്തിന് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷം പരാജയകാരണം പരിശോധിക്കുമെന്നോ അല്ലെങ്കിൽ നടപടി സ്വീകരിക്കും എന്നുള്ള സാധാ ക്ലീഷേ ഡയലോഗുകളല്ല വേണ്ടത്. പകരം കേരളത്തിലെ യു ഡി എഫിനുള്ളിൽ ആത്മാർഥതയുള്ള തെറ്റ് തിരുത്തലുകളോ സംഘടനാതലത്തിലുള്ള പരിശോധനയോ നടത്തുകയാണ് വേണ്ടത്. ഇനിയും ആ ക്ലീഷേ ഡയലോഗുകളുമായി ഇരിക്കരുത്.- അദ്ദേഹം പറഞ്ഞു.

അതേസമയം മുല്ലപ്പള്ളിക്കെതിരേ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെല്ലാം പാർട്ടി കമ്മിറ്റിയിൽ വരട്ടേയെന്നും ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. കേരളത്തിലെ യുഡിഎഫ് തോൽവിക്ക് കാരണം കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയുടെ നിഷ്ക്രിയത്വമാണെന്നാണ് ഹൈബി ഈഡൻ എം പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു.