തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട്് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണം അംഗീകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. തീപ്പിടിത്തം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. 

കള്ളക്കടത്തുമായി ബന്ധമുള്ള പല ഫയലുകളും ഇവിടെയാണുള്ളതെന്ന് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ വിദേശ യാത്രയേപറ്റിയും വിഐപി സന്ദര്‍ശനങ്ങളെപ്പറ്റിയുമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന പല ഫയലുകളും ഇവിടെയാണുള്ളത്. എന്‍ഐഎ നേരത്തെ തന്നെ ഈ ഫയലുകള്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. 

ഏത് കേസും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ ഈ കേസ് അന്വേഷിക്കുന്നതിനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. നിയമസഭയിലെ  പ്രസംഗത്തില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്കാണ് പുകമറ സൃഷ്ടിക്കല്‍ എന്നത്. എന്നാല്‍ യഥാര്‍ഥ പുകമറയാണ് സെക്രട്ടേറിയറ്റില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Content highlights: Need NIA investigation in Secretariat fire incident: Benny Behanan