രാഹുൽ ഗാന്ധി, സോണിയ,രമേശ് ചെന്നിത്തല |ഫോട്ടോ:PTI, മാതൃഭൂമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഈ മാസം 13-ന് രാജസ്ഥാനില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച മുകുള്‍ വാസ്നിക് നേതൃത്വം നല്കുന്ന ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ഡി.സി.സി. അധ്യക്ഷന്മാരെ നിശ്ചയിക്കാനുള്ള അധികാരം വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. എ.ഐ.സി.സി. സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം. ഡി.സി.സി.കള്‍ പുനഃസംഘടിപ്പിക്കണം. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ എല്ലാ വര്‍ഷവും ഒരു മാസം നീണ്ടു നില്ക്കുന്ന ഫണ്ട് ശേഖരണ കാമ്പയിന് നടത്തണമെന്നും ചെന്നിത്തല നിര്‍ദേശങ്ങളായി മുന്നോട്ട് വെച്ചു.
ജംബോ കമ്മിറ്റികളെ ഒഴിവാക്കണം. ഓരോ തലത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡി.സി.സികള്‍ വേണം. പി.സി.സി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 എന്ന് നിജപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനാപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉപസമിതിയില്‍ ചെന്നിത്തലയെയും മുകുള്‍ വാസ്നികിനേയും കൂടാതെ അജയ് മാക്കന്, താരിഖ് അന്‍വര്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, അധീര്‍ രഞ്ജന്‍ ചൗധരി, നെറ്റ ഡിസൂസ, മീനാക്ഷി നടരാജന് എന്നിവരും അംഗങ്ങളാണ്. മെയ് 13-ന് ആരംഭിക്കുന്ന ചിന്തന്‍ ശിബിര്‍ മൂന്ന് ദിവസം നീണ്ട് നില്ക്കും.
ഉപസമിതി യോഗങ്ങളില്‍ ഉയര്‍ന്ന് വരുന്ന നിര്‍ദേശങ്ങളാണ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുക.
Content Highlights: need a radical change in the party; Rahul bharat yatra; Chennithala suggestions
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..