തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നിലവില്‍ 11 സംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ ആദ്യഘട്ടം എന്ന നിലയില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോ സംഘങ്ങളെ വിന്യസിച്ചിരുന്നു. 

കേന്ദ്ര സര്‍ക്കാരുമായി പുതുതായി നടന്ന ചര്‍ച്ചയുടെ ഫലമായി അഞ്ചു ടീമുകള്‍ കൂടി ലഭ്യമായിട്ടുണ്ട്. ഇതില്‍ ഒരു ടീം ഇടുക്കിയിലേക്കും മറ്റൊരു ടീം കോട്ടയത്തേക്കും പോയിട്ടുണ്ട്. കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും ഓരോ ടീമുകളെ വീതം കൊടുത്തിട്ടുണ്ട്. ഇന്ത്യന്‍ കരസനേയുടെ ഒരു ടീമും കോട്ടയത്ത് എത്തിയിട്ടുണ്ട്. അവര്‍ കൂട്ടിക്കല്‍ എത്തിയതായും മന്ത്രി വ്യക്തമാക്കി.

മേജര്‍ അഭിന്‍ കെ. പോളിന്റെ നേതൃത്വത്തിലുള്ള 40 അംഗ കരസേന സംഘമാണ് കൂട്ടിക്കലില്‍ എത്തിയത്. ഇവര്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് സ്‌ക്കൂളില്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

കനത്ത മഴ കാരണം വ്യോമസേനയ്ക്ക് ഇതുവരെ സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ ആയിട്ടില്ല. നിലവില്‍ കോയമ്പത്തൂരാണുള്ളത്. അതുകൊണ്ടുതന്നെ എയര്‍ ലിഫ്റ്റിങ് വൈകും. കൂട്ടിക്കലിലും കൊക്കയാറിലും ഞായറാഴ്ച്ച രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് കരുതുന്നത്. വെളിച്ചക്കുറവും മഴ തുടരുന്നതും രാത്രിയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Koottikkal
കൂട്ടിക്കലില്‍ നിന്നുള്ള ചിത്രം

അതേസമയം, കനത്ത മഴയെ തുടര്‍ന്നു നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് സഹകരണ- രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദുരിതാശ്വാസ പവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാലാ, കൂട്ടിക്കല്‍ പ്രദേശങ്ങളില്‍ മഴക്കെടുതി നേരിട്ട വീടുകള്‍ സന്ദര്‍ശിച്ച മന്ത്രി, വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങളെ നേരില്‍ കണ്ടു. കൂട്ടിക്കല്‍ ചപ്പാത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. 

ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി റവന്യൂ അധികൃതര്‍ക്കു നിര്‍ദ്ദേശംനല്‍കി. ഫയര്‍ ഫോഴ്സ്-പൊലീസ് ഉദ്യോഗസ്ഥരുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും അദ്ദേഹം സംസാരിച്ചു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രി സ്ഥലത്തു തുടരുകയാണ്. 
ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Content Highlights: NDRF at Kottayam and Idukki Kerala Heavy Rain