തിരുവനന്തപുരം: എന്‍.സി.പി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. മുന്നണി വിടാന്‍ എന്‍.സി.പി ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് വിവരം. വെള്ളിയാഴ്ച ശരത് പവാറും പ്രഫൂല്‍ പട്ടേലും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചയിലാണ് മുന്നണി മാറ്റം വേണ്ടെന്ന അന്തിമ തീരുമാനത്തിലെത്തിയതെന്നാണ് സൂചന. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരത് പവാര്‍ തന്നെ ടി.പി പീതാംബരനെ അറിയിക്കും.
അതേസമയം പാലാ സീറ്റിനെ ചൊല്ലി ഇടത് പാളയത്തിലേക്ക് ഇനിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മാണി സി കാപ്പന് മാത്രം മുന്നണി വിട്ടേക്കും. കാപ്പനും അനുയായികളും ഞായറാഴ്ച യുഡിഎഫില്‍ ചേരുമെന്നാണ് സൂചന. ഇക്കാര്യങ്ങളിലടക്കം എന്‍.സി.പിയുടെയും മാണി സി കാപ്പന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
പാലാ സീറ്റ് നല്‍കാത്തത് അനീതിയാണെന്ന് എന്‍.സി.പി നേതൃത്വം വിലയിരുത്തിയെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ ചേരി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ എല്‍.ഡി.എഫിനുള്ള ഭരണത്തുടര്‍ച്ച സാധ്യതയുമാണ് മുന്നണി മാറ്റത്തില്‍ നിന്ന് എന്‍.സി.പി നേതൃത്വത്തെ പിന്നോട്ടടിപ്പിച്ചതെന്നാണ് വിവരം. എകെ ശശീന്ദ്രന് വിഭാഗത്തിന്റെ എതിര്‍പ്പും ദേശീയ നേതൃത്വം പരിഗണിച്ചുവെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച അഞ്ച് മണിക്കുള്ളില്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദേശീയ നേതൃത്വം തീരുമാനം വ്യക്തമാക്കുമെന്നാണ് കാപ്പന് പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് കാപ്പന് നേരത്തെ സൂചന നല്‍കിയിരുന്നു. കാപ്പന് വന്നാല്‍ യുഡിഎഫ് സ്വീകരിക്കുമെന്നും പാലാ സീറ്റ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല പ്രതികരിക്കുകയും ചെയ്തിരുന്നു.
content highlights: NCP may continue in LDF