ന്യൂഡല്‍ഹി: ഇടതില്‍ ഉറച്ചുനില്‍ക്കുമോ വലത്തേക്ക് ചായുമോ? എന്‍.സി.പിയുടെ മനസ്സിലിരിപ്പ് ഇന്ന് അറിയാം. പാലാ സീറ്റില്‍ തുടങ്ങിയ കലഹം മുന്നണിമാറ്റത്തിലേക്കും പിളര്‍പ്പിലേക്കുമാണ് എന്‍സിപിയെ എത്തിച്ചിരിക്കുന്നത്. മാണി സി. കാപ്പനും എ.കെ.ശശീന്ദ്രനും രണ്ട് ചേരികളായി ഉറച്ചുനില്‍ക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശിരസാ വഹിക്കാന്‍ കാത്തുനില്‍ക്കുകയാണ് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. 

പാലാ ഉള്‍പ്പെടെയുള്ള സിറ്റിങ് സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിടാനാണ് കാപ്പന്റെ തീരുമാനം. എല്‍.ഡി.എഫ്. വിടരുതെന്ന സമ്മര്‍ദം ഉയര്‍ത്തുകയാണ് ശശീന്ദ്രന്‍. പാലാ സീറ്റ് നല്‍കാത്ത സി.പി.എം. നിലപാടില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. കേരള നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ആദ്യം ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ ഇല്ലെങ്കിലും ശശീന്ദ്രന്റെ അഭിപ്രായം ടെലഫോണില്‍ ആരായും. 

എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എന്‍.സി.പി. ദേശീയ നേതൃത്വം വിശദമായി അവലോകനം ചെയ്യും. തുടര്‍ന്ന് ശരദ് പവാറിന്റെ തീരുമാനം അറിഞ്ഞ ശേഷം പ്രഫുല്‍ പട്ടേല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കും. 

എന്‍.സി.പി. കേന്ദ്രനേതൃത്വത്തില്‍ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: പാലാ സീറ്റ് നല്‍കാത്തതിനാല്‍ ഇടതുമുന്നണി വിടണോ എന്ന കാര്യത്തില്‍ എന്‍.സി.പി. ദേശീയനേതൃത്വത്തില്‍ ആശയക്കുഴപ്പം. പാലായ്ക്കു പകരം സംവിധാനം നല്‍കാന്‍ സി.പി.എം. സമ്മതിച്ചാല്‍ ഇടതുപക്ഷത്തുതന്നെ തുടരണമെന്നാണ് ദേശീയാധ്യക്ഷന്‍ ശരദ് പവാറിന്റെ താത്പര്യം. അതേസമയം, കാണാന്‍ അവസരം പോലും നല്‍കാതെ പാലാ സീറ്റും പകരം രാജ്യസഭാ സീറ്റും നല്‍കാനാവില്ലെന്ന് ഫോണിലൂടെ അസന്ദിഗ്ധമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ വിഷമത്തിലാണ് ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍. യു.ഡി.എഫിലേക്ക് പോയാലും കുഴപ്പമില്ല എന്ന നിലപാടും അദ്ദേഹത്തിനുണ്ടെന്നറിയുന്നു.

ദോഹയിലുള്ള പട്ടേല്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനാധ്യക്ഷന്‍ ടി.പി. പീതാംബരനുമായും മാണി സി. കാപ്പനുമായും ശരത് പവാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ മുന്നണി മാറണോ അതോ ഇടതില്‍ തന്നെ തുടരണോ എന്ന കാര്യം തീരുമാനിക്കും.

പവാറിനോട് അടുത്ത ബന്ധമുള്ള സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഇടതുപക്ഷം വിട്ടുപോകരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകരം വിജയമുറപ്പുള്ള മറ്റൊരു സീറ്റോ രാജ്യസഭാ സീറ്റോ കിട്ടിയാല്‍ മുന്നണിയില്‍ തുടരാമെന്നാണ് ദേശീയനേതൃത്വം നല്‍കിയ മറുപടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് യെച്ചൂരി അറിയിച്ചു.

ദേശീയ നേതൃത്വം എന്തു തീരുമാനമെടുത്താലും അതിനൊപ്പമാണ് താനെന്ന് ടി.പി. പീതാംബരന്‍ പറഞ്ഞു. എന്നാല്‍, ഇടതില്‍ തുടരാന്‍ തീരുമാനിക്കുകയും പാലാ സീറ്റോ പകരം തൃപ്തികരമായ സംവിധാനമോ നല്‍കാതിരിക്കുകയും ചെയ്താല്‍ മുന്നണി വിടുമെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ പാലായില്‍ കാപ്പന്‍ തുടര്‍ന്നും മത്സരരംഗത്തുണ്ടാവും. ഇടതുപക്ഷ സ്ഥാനാര്‍ഥി ആയല്ലെന്നു മാത്രം.

content highlights: ncp decision on switching front today