സി.എൻ.ജി സ്‌റ്റേഷൻ | File Photo - Mathrubhumi archives
മുംബൈ: രാജ്യത്ത് പ്രകൃതിവാതക വില ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതിവാതകം, സി.എന്‍.ജി. (സമ്മര്‍ദിത പ്രകൃതിവാതകം), ഗാര്‍ഹികാവശ്യത്തിന് കുഴല്‍വഴി നല്‍കുന്ന വാതകം (പി.എന്‍.ജി.) എന്നിവയുടെയെല്ലാം വില വര്‍ധിക്കും. ആഗോളവിപണിയില്‍ വാതകവില ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ വാതകപ്പാടമായ ഒ.എന്‍.ജി.സി.യുടെ ബാസീനില്‍നിന്നുള്ള വാതകത്തിന്റെ വില പെര്‍ മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എം.എം. ബി.ടി.യു.) നിലവിലെ 2.90 ഡോളറില്‍നിന്ന് 6.10 ഡോളറായി കൂടി. പുതിയതും വിഷമംപിടിച്ചതുമായ പാടങ്ങളില്‍നിന്നുള്ള വാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഴക്കടലില്‍നിന്നുള്ള വാതകമാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ഇതനുസരിച്ച് റിലയന്‍സിന്റെ കെ.ജി. ഡി -6 ബ്ലോക്കിലെ വാതകത്തിന് നിലവിലെ 6.13 ഡോളറില്‍നിന്ന് 9.92 ഡോളറായി കൂടും. ഇന്ത്യയില്‍ വാതക ഉത്പാദകര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്.
രാജ്യത്ത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നത്. അമേരിക്ക, കാനഡ, റഷ്യ എന്നിവിടങ്ങളിലെ വിലയ്ക്ക് ആനുപാതികമായിട്ടായിരിക്കുമിത്. പുതിയ നിരക്കുപ്രകാരം സി.എന്‍.ജി., പി.എന്‍.ജി. വിലകളില്‍ വെള്ളിയാഴ്ച മുതല്‍ പത്തുമുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഡല്‍ഹി, മുംബൈ പോലുള്ള നഗരങ്ങളില്‍ പ്രധാനമായും ഒ.എന്‍.ജി.സി. ഉത്പാദിപ്പിക്കുന്ന വാതകമാണ് വിതരണം ചെയ്യുന്നത്.
വാറ്റ് കുറച്ചു, മഹാരാഷ്ട്രയില്‍ വില കുറയും
മുംബൈ: കേന്ദ്രസര്‍ക്കാര്‍ പ്രകൃതിവാതക വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ വാറ്റ് വെട്ടിക്കുറച്ചു.
13.5 ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇതു പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ വാതകവിതരണ കമ്പനിയായ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു.
ഇതോടെ മുംബൈയില്‍ സി.എന്‍.ജി. വില കിലോയ്ക്ക് ആറു രൂപ കുറഞ്ഞ് 60 രൂപയാകും. പി.എന്‍.ജി. വില എസ്.സി.എമ്മിന് 3.50 രൂപ കുറഞ്ഞ് 36 രൂപയാകും.
Content Highlights: Natural gas price hike CNG Mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..