കല്‍പ്പറ്റ: കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് മലയോര ജില്ലയായ വയനാട് ഒറ്റപ്പെടുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന പ്രവേശന കവാടങ്ങളായ താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. മറ്റ് വഴികളിലൂടെയുള്ള ഗതാഗതത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്.

അടിവാരത്തും ഈങ്ങാപ്പുഴയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി തിരിച്ച് വിട്ടിരിക്കയാണ്.

കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയില്‍ വ്യാപകമായ നാശനഷ്ട്ടമാണ് റിപ്പോര്‍ട്ട ചെയ്യപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ വെള്ളത്തിനടിയിലാണ്. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആദിവാസികളെ ഉള്‍പ്പടെ നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.

പൊഴുതനയില്‍ കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അവധി നല്‍കിയിരുന്നു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കാരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. എല്ലായിടത്തും കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.