മാനദണ്ഡം പാലിക്കാതെ വിതരണത്തിനെത്തിച്ച ദേശീയ പതാകകൾ. photo: mathrubhumi news/screen grab
ഇടുക്കി: സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനില്‍ ഇടുക്കിയില്‍ ക്രമക്കേട്. ജില്ലയില്‍ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യമായി. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ഇത്രയധികം ദേശീയ പതാകകള്‍ പാഴായത്. കുടുംബശ്രീ കരാര്‍ മറിച്ചുനല്‍കിയെന്നും ആക്ഷേപമുണ്ട്.
30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരല്‍ കുടുംബശ്രീ യൂണിറ്റുകള്‍ യോഗംവിളിച്ച് കണ്‍സോർഷ്യം രൂപീകരിച്ച് അവര്‍ക്ക് കരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഈ കുടുംബശ്രീ യൂണിറ്റുകള്‍ സ്വന്തമായി ദേശീയ പതാകകള്‍ നിര്‍മിക്കുന്നതിന് പകരം കേരളത്തിന് പുറത്ത് ബെംഗളൂരു ആസ്ഥാനമായുള്ള രണ്ടു കമ്പനികളെ ചുമതല ഏല്‍പ്പിച്ചു. അവര്‍ നല്‍കിയ ദേശീയ പതാകകളാണ് മാനദണ്ഡം പാലിക്കാത്തതിനാല്‍ ഉപയോഗശൂന്യമായത്.
ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്. ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ കൈപറ്റിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറാണ് നിര്‍വഹിച്ചത്. ഇതിനുശേഷമാണ് പതാകകളിലെ ചട്ടലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങിയിരുന്നു. സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനി ജില്ലയില്‍ ഒന്നരലക്ഷം ദേശീയ പതാകകള്‍ എത്തിക്കുക സാധ്യമാകുമോയെന്ന് ഉറപ്പില്ല.
Content Highlights: national flag standard not followed, more than one lakh flags wasted in Idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..