Photo Credit:https:||twitter.com|t_d_h_nair
കോഴിക്കോട്: സംസ്ഥാനത്തെ ഒരു സർക്കാർ പ്രഥമീകാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആദ്യ കാഴ്ചയിൽ ഒരു റിസോർട്ടെന്നേ തോന്നുള്ളൂവെങ്കിലും സംഗതി ആശുപത്രിയാണെന്ന് മറ്റൊരാൾ പറഞ്ഞ് കൊടുക്കുക തന്നെ വേണം. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റയിലാണ് ചിത്രം കണ്ടാൽ ഒന്ന് പോയി കിടന്നാലോയെന്ന് തോന്നിപ്പിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമുള്ളത്. ഈ വർഷം ഫെബ്രുവരിയിലാണ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും സ്ഥാപനം കുടുംബാരോഗ്യ കേന്ദ്രമായി മാറിയത്. മാർച്ചിൽ ന്യൂജൻ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കൂത്തമ്പലത്തിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ പണി തീർത്തിരിക്കുന്നത്. ചുറ്റും മനോഹരമായ ഡിസൈനിൽ കല്ല് പാകി വൃത്തിയാക്കിയിരിക്കുന്നു. എണ്ണപ്പനകളും പൂച്ചെടികളും, ഊഞ്ഞാലും, കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങളുമെല്ലാമായി ഒരു റിസോർട്ട് ലുക്ക് തന്നെ. കയറിച്ചെല്ലുമ്പോൾ തന്നെ റിസപ്ഷൻ, രോഗികൾക്ക് ഇരിക്കാൻ സോഫ, കസേര, കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ, വായിക്കാൻ നിരവധി പുസ്തകങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായാണ് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം റിച്ച് ലുക്കായി മാറിയത്.
http://
ട്വിറ്ററിൽ രവി നായർ എന്നയാൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് ഇത് ദേശീയ ശ്രദ്ധ നേടിയത്. ഇത് കേരളത്തിലെ ഒരു പ്രൈമറി ഹെൽത്ത് സെന്റർ. ഉത്തർ പ്രദേശിലെയും, ബിഹാറിലെയും, മധ്യപ്രദേശിലെയും, ഗുജറാത്തിലെയും പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യൂ എന്ന കുറിപ്പോടെയാണ് രവി നായർ ചിത്രം പോസ്റ്റ് ചെയ്തത്.
രവിയുടെ വെല്ലുവിളി ഏറ്റെടുത്ത് നിരവധി പേരാണ് ഈ സംസ്ഥാനങ്ങളിലെ ആശുപത്രികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ പരിതാപകരമായിരുന്നു അവസ്ഥ. ചുറ്റും അഴുക്കാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്വിമ്മിംഗ് പൂളോട് കൂടിയ ആശുപത്രിയെന്ന് കളിയാക്കി ബിഹാറിലെ ധർഭാംഗ മെഡിക്കൽ കോളേജിന്റെ ചിത്രങ്ങളെല്ലാം രവിയുടെ പോസ്റ്റിന് താഴെയായി എത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..