കഴക്കൂട്ടം: എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഭരണത്തില്‍, അഴിമതിയില്‍, അക്രമ രാഷ്ട്രീയത്തില്‍, വര്‍ഗീയതയില്‍, സ്വജനപക്ഷപാതത്തില്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളാണ്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ അടുപ്പം കാണുമ്പോള്‍ രണ്ടായി നില്‍ക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി' എന്ന് പേരിടണമെന്നും മോദി പറഞ്ഞു. 

യു.ഡി.എഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കഴിവോ, താല്പര്യമോ ഇല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായിരിക്കുന്നുവെന്നും മോദി പറഞ്ഞു. അതിനാല്‍ എന്‍.ഡി.എയ്ക്ക് അനുകുലമായി വലിയ ജനപിന്തുണയുണ്ട്. ചെറുപ്പക്കാര്‍, സ്ത്രീകള്‍, കന്നി വോട്ടര്‍മാര്‍, പ്രൊഫഷണുകള്‍ എന്നിവരുടെ പിന്തുണയാണ് എന്‍.ഡി.എയ്ക്ക് അനുകൂലമായ ജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. എല്‍.ഡിഎഫും യു.ഡി.എഫും കേരളത്തിലെ ജനങ്ങള്‍ക്ക് ഒട്ടും ആവേശം പകരുന്ന നേതൃത്വമല്ല നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കഴക്കൂട്ടത്ത് നടത്തിയ പ്രസംഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേയും മോദി ആഞ്ഞടിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള തിരുവനന്തപുരത്തുനിന്നുള്ള ഒരു മന്ത്രി, ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വരിവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുക, സ്ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്നിവയാണ് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റേയും എംഎല്‍എമാരുടെ ചെയ്തികളെന്നും അദ്ദേഹം പറഞ്ഞു. 

കഠിനാധ്വാനിയായ ഏത് വ്യക്തിയേയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ബലിയാടാക്കാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം ആരോപിച്ചു. എ -ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നമ്പി നാരായണല്‍ എന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്ര ജിവിതം അവസാനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ മാതൃക കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

Content Highlights: Narendra Modi against LDF and UDF