തിരുവനന്തപുരം: നര്‍ക്കോട്ടിക്ക് എന്ന വാക്ക് കേള്‍ക്കാത്തതല്ലെന്നും ഇത്തരം മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രത്യേക സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കരുത്. നാട്ടില്‍ ഐക്യം വളര്‍ത്തിക്കൊണ്ടുവരുന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികളെ തിരിച്ചറിയണം. ലഹരി മാഫിയകളെ മാഫിയകളായി മാത്രം കാണണമെന്നും അത് ഏതെങ്കിലും മതചിഹ്നവുമായി ചേര്‍ക്കുന്നത് നല്ലതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പ് ഏതെങ്കിലും തരത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ലെന്നും തന്റെ വിഭാഗത്തിന് ഒരു മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാ ബിഷപ്പിനെതിരെ കേസ് എടുക്കുന്നത് ആലോചനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സമുദായത്തോട് പറയുന്ന കാര്യങ്ങളില്‍ മറ്റൊരു മതചിഹ്നം ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നും ഇത് ആദരണീയരായ വ്യക്തികളില്‍ നിന്ന് ഉണ്ടാകാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതല്ലാതെ ഒരു വ്യക്തിക്ക് തന്റെ സമുദായവുമായി കാര്യങ്ങള്‍ പങ്കുവെക്കുന്നതിനോ മുന്നറിയിപ്പ് നല്‍കുന്നതിനോ യാതൊരു തടസ്സവുമില്ല. അത്തരമൊരു കാര്യമാണ് ജോസ് കെ.മാണി എടുത്തു പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Content highlights: Narcotic mafias shouldnt be given any religion symbol