കോഴിക്കോട്: പാലാബിഷപ്പിന്റെ വിവാദ പരാമർശത്തിന് പിന്നാലെ മുസ്‌ലിം സംഘടനകളുടെ യോഗം ഇന്ന് ചേരും. എ.പി, ഇ.കെ സമസ്ത, കെ.എൻ.എം, ജമാഅത്ത് ഇസ്ലാമി, എം.ഇ.എസ് അടക്കമുള്ള ഒന്‍പത് മുസ്‌ലിം സംഘടനകളാണ് ഇന്ന് കോഴിക്കോട് യോഗം ചേരുന്നത്. പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.

നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ ജോസ് കെ മാണിയും വി.എൻ വാസവനും അടക്കമുള്ള മന്ത്രിമാർ സന്ദർശിച്ചിരുന്നു. ഇതിനെതിരെയും മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

ബിഷപ്പിന്റെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ വിവിധ മതസാമുദായിക നേതാക്കന്മാരുടെ യോഗം തിരുവനന്തപുരത്ത്  നടന്നിരുന്നു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കതോലിക്കാ ബാവ, പാളയം ഇമാം ഡോ. ഹുസൈൻ മടവൂർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഒരു മധ്യസ്ഥ ചർച്ച അല്ല വേണ്ടത്, പരാമർശം പിൻവലിക്കുകയാണ് വേണ്ടത് എന്ന് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. 

Content Highlights: narcotic jihad row Muslim leaders meeting