വീഡിയോ ദൃശ്യത്തിൽ നിന്ന് | Photo: Screengrab
മലവെള്ളപ്പാച്ചിലിൽ തടിപിടിക്കാനിറങ്ങിയ മൂന്ന് യുവാക്കളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒഴുകി വരുന്ന തടി തീരത്തടുപ്പിക്കാൻ ശ്രമിക്കുന്ന യുവാക്കൾ. ഏറെ പരിശ്രമത്തിനൊടുവിൽ തടി കരയ്ക്കടുപ്പിക്കില് സാധ്യമല്ലെന്ന് കണ്ട് വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്ന് പിന്മാറുന്ന യുവാക്കൾ. കനത്തമഴയിൽ ഇരുകര മുട്ടി കുത്തിയൊഴുകുന്ന കക്കാട്ടാറിലായിരുന്നു യുവാക്കളുടെ സാഹസികപ്രകടനം. വീഡിയോ ചിത്രീകരിച്ച് നരൻ ചിത്രത്തിലെ ബി.ജി.എം. ഇട്ട് മാസ് ആയി തടിപ്പുറത്ത് ഇരിക്കുന്ന യുവാക്കളുടെ വീഡിയോ വളരെ പെട്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.
കോട്ടമൺപാറ ഭാഗത്താണ് വാലുപാറ സ്വദേശികളായ വിപിൻ സണ്ണി, നിഖിൽ ബിജു, രാഹുൽ എന്നിവർ ചേർന്ന് സാഹസികമായി തടിപിടിക്കാൻ ശ്രമം നടത്തിയത്. കൂറ്റൻതടി ഒഴുകിവരുന്നത് കണ്ടാണ് മൂവരും നദിയിലേക്ക് ചാടിയത്. നീന്തി തടിയുടെ പുറത്ത് കയറിയ യുവാക്കൾ തടി കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരം യുവാക്കൾ നദിയിലൂടെ കടന്നുപോയി. ഉറുമ്പനി വെള്ളച്ചാട്ടത്തിനടുത്ത് എത്താറായിട്ടും തടി കരയ്ക്കടിപ്പിക്കാനുള്ള യുവാക്കളുടെ ശ്രമം വിജയിച്ചില്ല. ഇതോടെ അപകടം മണത്ത യുവാക്കൾ തടി ഉപേക്ഷിച്ച് കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.
യുവാക്കൾ തടിയുടെ സമീപത്തേക്ക് നീന്തുന്നതും തടിയുടെ പുറത്തിരുന്ന് ഒഴുകിപ്പോകുന്നതും ഇവരുടെ സുഹൃത്ത് അർജുൻ മൊബൈലിൽ പകർത്തിയിരുന്നു. പിന്നീട് നരൻ സിനിമയിലെ ഗാനംകൂടി ചേർത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ തടിപിടിത്തം വൈറലായത്. അൽപ്പ സമയത്തിനകം തന്നെ ആയിരക്കണക്കിനാളുകൾ വീഡിയോ പങ്കുവച്ചതോടെ യുവാക്കൾ നാട്ടിലെ താരമായി മാറുകയുംചെയ്തു.
എന്നാൽ, സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള സാഹസികത വേണമായിരുന്നോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് നേരെ ഉയരുന്ന വിമർശനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..