കുമ്മനം രാജശേഖരൻ| Photo: Mathrubhumi
തിരുവനന്തപുരം:നാമജപക്കേസില്‍ എന്‍.എസ്.എസും ബി.ജെ.പിയും പറയുന്നത് ഒന്നാണെന്ന് കുമ്മനം രാജശേഖരന്. ശബരിമല സമരകാലത്ത് ജയിലില്‍ കിടന്നത് ബി.ജെ.പിക്കാരാണ്. ശബരിമല നിയമനിര്‍മാണം എന്ന യു.ഡി.എഫ്. വാഗ്ദാനം ബാലിശമാണ്. കേരളത്തിലെ ക്ഷേത്ര ഭരണ വ്യവസ്ഥ പൊളിച്ചെഴുതി ഭക്തരെ ഏല്പിക്കുമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് കൂടിയായ കുമ്മനം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
എന്‍.എസ്.എസിന്റെ ശബരിമല വിഷയത്തോടുള്ള നിലപാട് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ബി.ജെ.പിയും എന്‍.എസ്.എസും പറഞ്ഞത് ഒരേ കാര്യം തന്നെയല്ലേ. കേസ് പിന്‍വലിക്കണം എന്നു തന്നെയാണ്. ആരു പറയുന്നു എന്നതല്ല എന്തു പറയുന്നു എന്നതാണ്- കുമ്മനം പറഞ്ഞു.1950 മുതല്‍ തന്നെ ശബരിമല ക്ഷേത്രം എന്നു പറയുന്നത് രാഷ്ട്രീയ രംഗത്ത് സജീവ ചര്‍ച്ചാ വിഷയമാണ്. അന്ന് മന്നവും ശങ്കറും ഒക്കെ ഒറ്റക്കെട്ടായി ശബരിമലയ്ക്കു വേണ്ടി രംഗത്തുവന്നത് ചരിത്രത്തിന്റെ താളുകളില്‍ വളരയേറെ ശ്രദ്ധിക്കപ്പെടുന്ന ഏടു തന്നെയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ജീവന് കൊടുത്തവര്‍, രക്തം കൊടുത്തവര്‍, കഷ്ടപ്പാടുകള്‍ സഹിച്ചവര്‍, ജയിലഴിക്കുള്ളില്‍ കിടന്നവര്‍, പീഡനത്തിന് ഇരയായവര്‍ ഒക്കെ ബി.ജെ.പി. പ്രവര്‍ത്തകരാണെന്നും കുമ്മനം പറഞ്ഞു. ക്ഷേത്രത്തോടും ക്ഷേത്രവിശ്വാസികളോടും ഹൈന്ദവ സമൂഹത്തോടും ഭയങ്കര വലിയ രീതിയിലുള്ള അവഗണന ഈ കഴിഞ്ഞകാലമത്രയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ ആ സമൂഹം ഇന്ന് ഈ വിഷയത്തില്‍ ബോധവാന്മാരായെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ദേവസ്വം ബോര്‍ഡിന്റെ 1,300 ക്ഷേത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ്. ആ ഒരെണ്ണത്തിനു വേണ്ടി മാത്രമാണ് പ്രത്യേക നിയമം ഉണ്ടാക്കണമെന്ന് പറയുന്നത്. അത് തന്നെ എത്ര ബാലിശമാണ്. ഇവിടെ ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ ഭരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രങ്ങള്‍ മാത്രം എന്തിനാണ് സര്‍ക്കാര്‍ കയ്യടക്കിവെച്ചിരിക്കുന്നത്. ഈ മര്‍മപ്രധാനമായ ചോദ്യത്തിന്റെ ഉത്തരം എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കുമോ എന്നും കുമ്മനം ആരാഞ്ഞു.
നിലവിലുള്ള ക്ഷേത്രഭരണ വ്യവസ്ഥി തി പൊളിച്ചെഴുതണം. കാലഹരണപ്പെട്ടതും ഭക്തജന വിരുദ്ധവുമാണ്. അത് മുഴുവന്‍ കളഞ്ഞ് പുതിയ ഭരണ വ്യവസ്ഥിതി ഉണ്ടാവണം. ഭക്തജന പ്രാതിനിധ്യത്തോടു കൂടിയുള്ള വ്യവസ്ഥിതി ഉണ്ടാവണം അദ്ദേഹം ആവശ്യപ്പെട്ടു.
content highlights:namajapa case: nss and bjp's demands are same says kummanam rajasekharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..