നടുവില്‍: കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയിട്ടും ഭരണം നഷ്ടപ്പെട്ട് യുഡിഎഫ്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫ് വിട്ട ഡിസിസി സെക്രട്ടറി ബേബി ഓടംമ്പള്ളില്‍ എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു. 

ബേബിയെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് മറ്റൊരാളെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭരണ നഷ്ടത്തിലെത്തിച്ചത്‌. ആകെയുള്ള 19ല്‍ 11 വോട്ടുകള്‍ നേടിയാണ് ബേബി തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-7, യുഡിഎഫ്-11, സ്വതന്ത്രന്‍-1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

തര്‍ക്കങ്ങളെ തുടര്‍ന്ന് ബേബി ഓടംമ്പള്ളിലിനൊപ്പം രണ്ട് യുഡിഎഫ് അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ട രണ്ട് അംഗങ്ങളും കോണ്‍ഗ്രസ് വിമതയും ഏഴ് എല്‍ഡിഎഫ് അംഗങ്ങളും ബോബിക്ക് വോട്ട് ചെയ്തു. 

കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറിയായ ബേബി 10 വര്‍ഷമായി നടുവില്‍ പഞ്ചായത്ത് അംഗവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. നാല്‍പ്പത് വര്‍ഷത്തിനുശേഷമാണ് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്കെത്തിയിരിക്കുന്നത്.

വിപ്പ് ലംഘിച്ച ബേബി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും വിപ്പ് ലംഘനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി അറിയിച്ചു. 

Content Highlights: Naduvil Panchayath LDF UDF Local body election 2020