-
കാസര്‍കോട്: കൊറോണ ലക്ഷണവുമായി വരുന്ന രോഗികളെ കാസര്‍കോട് ജനറല്‍ ആശുപത്രി തിരിച്ചയക്കുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എം.എല്‍.എ മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈമിലാണ് ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
എന്‍.എ നെല്ലിക്കുന്നിന്റെ വാക്കുകള്‍..
കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ് കാസര്‍കോട് എന്നുപറയാന്‍ പറ്റില്ല. നമ്മള് ഒന്നിച്ച് നിന്നാല്‍ എന്തായാലും ഇത് നിയന്ത്രിക്കാന്‍ സാധിക്കും. പക്ഷേ അതിന് ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം.
വെള്ളിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശി ഒരുപാട് സ്ഥലങ്ങളില്‍ സ്വെര്യവിഹാരം നടത്തി. അതിനാല്‍ ഒരുപാട് ദുരിതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് ആളുകള്‍ ഭീതിയിലാണ്. അദ്ദേഹത്തെ പോലെ ജാഗ്രതക്കുറവ് ഇപ്പോഴും ചില ആളുകള്‍ കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗള്‍ഫില്‍ നിന്ന് വരുന്ന ആളുകളൊക്കെ 14 ദിവസമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടുപോലും ആ നിര്‍ദ്ദേശം അനുസരിക്കാത്ത പുറത്തിറങ്ങുന്നുണ്ട് എന്ന് നമ്മള് മനസിലാക്കണം.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുപാട് പാളിച്ചകളും പോരായ്മകളും ഉണ്ട് എന്ന് ആളുകള്‍ പറയുന്നുണ്ട്. ഇത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായി കാണരുത്. നമ്മളെല്ലാവരും ജാതിയും മതവും രാഷ്ട്രീയവും മറന്ന് ഈ വൈറസിനെതിരെ ഒന്നിച്ച് നിന്നാല്‍ മാത്രമെ നമുക്ക് തോല്‍പ്പിക്കാന്‍ സാധിക്കൂ..
ഇന്ന് ഒരു രോഗിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത് അദ്ദേഹം ഈ മാസം പത്താം തിയ്യതി മംഗലാപുരം വഴി കാസര്‍കോട് എത്തിയതാണ്. പതിനൊന്നാം തിയ്യതി അദ്ദേഹം കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളതുമൂലം സന്ദര്‍ശിച്ചു. അവിടെയുള്ള ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ പോകാന്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ പോയപ്പോള്‍ പറഞ്ഞത് ഒരു അസുഖവുമില്ല എന്നാണ്. തത്കാലം ചികിത്സ വേണ്ട എന്നാണ്.
ഇതോടെ ഇയാള്‍ വീണ്ടും സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ വീണ്ടും അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മടക്കി അയച്ചു. അപ്പോഴും പഴയ മറുപടി തന്നെയാണ് ലഭിച്ചത്. ഇതില്‍ തൃപ്തനാകാതെ അദ്ദേഹം മംഗലാപുരത്തെ ഒരു ഡോക്ടറെ ചെന്നുകണ്ടു. ആ ഡോക്ടര്‍ അദ്ദേഹത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ രക്തപരിശോധനയ്ക്കായി അയച്ചു. ഇന്ന് ആ രക്തപരിശോധനയുടെ ഫലം ലഭിച്ചപ്പോള്‍ അദ്ദേഹത്തില്‍ കൊറോണ ബാധ കണ്ടെത്തി.
ഗള്‍ഫില്‍ നിന്ന് വരുന്ന ആളുകള്‍ ജനറല്‍ ആശുപത്രിയെ സമീപിച്ചാല്‍ ലഭിക്കുന്ന മറുപടി നിങ്ങള്‍ വീട്ടില്‍ പൊയ്ക്കോളു രോഗം കൂടുതലായാല്‍ വന്നാല്‍ മതിയെന്നാണ്. ഇത് തിരുത്തപ്പെടേണ്ട വലിയൊരു പാളിച്ചയാണെന്നും എന്‍.എ നെല്ലിക്കുന്ന് വ്യക്തമാക്കി.
Content Highlight: N.A Nellikkunnu MLA statement Against kasaragod general hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..