മൈസൂരു: മൈസൂരു ജില്ലാ മജിസ്ട്രേട്ട് കോടതി പരിസരത്തുണ്ടായ സ്ഫോടനത്തിന് കൊല്ലം കളക്ടറേറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കര്‍ണാടക പോലീസ്. ഇതു സംബന്ധിച്ച് അന്വേഷണത്തിനായി കര്‍ണാടക പോലീസ് കൊല്ലത്തെത്തും.
തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് മൈസൂരു കോടതി പരിസരത്തെ ശൗചാലയത്തിനുള്ളില്‍ സ്‌ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നു ഇവിടെയുണ്ടായത്. ജനങ്ങളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന നിഗമനത്തിലാണ് കര്‍ണാടക പോലീസ്.
സമാനമായി നടന്ന മറ്റു സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പോലീസ്, ജൂണ്‍ 15ന് കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ഇതുമായി ബന്ധമുണ്ടാകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊല്ലത്തെത്തി അന്വേഷണം നടത്തുന്നത്. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണത്തിനായി കൊല്ലത്തെത്തുക.
മൈസൂരു കോടതി വളപ്പിലെ ശൗചാലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ശൗചാലയത്തിന്റെ മേല്‍ക്കൂര തകരുകയും ചെയ്തിരുന്നു. കൊല്ലം കളക്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
മുന്‍സിഫ് കോടതി-രണ്ടിനും പെന്‍ഷന്‍ സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിന് സമീപത്താണ് ബോംബ് പൊട്ടിയത്. ശക്തി കുറഞ്ഞ ബോംബാണ് ഇവിടെ സ്‌ഫോടനത്തിന് ഉപയോഗിച്ചിരുന്നത്.