കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ | Screengrab, Mathrubhumi News
പത്തനംതിട്ട: തിരഞ്ഞെടുപ്പ് വേളയില്‍ കെ.സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണം. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയാണ് പെട്ടികളിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ടത് രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോന്നി ബിജെപി സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റിയിരുന്നുവെന്നും ഈ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബിജെപി ഹെലികോപ്റ്റര്‍ നല്‍കിയത്. ഈ ഹെലികോപ്റ്ററില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട് എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ വന്നിറങ്ങിയത്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകള്‍ പരിശോധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയിരുന്നില്ലെന്നും സോജി ആരോപിച്ചു.
കൊടകര കുഴല്‍പ്പണ ക്കേസില്‍ കെ സുരേന്ദ്രന് നേരെയും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഈ പെട്ടികളില്‍ എന്തായിരുന്നുവെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ബാഗിലെന്തായിരുന്നു എന്നത് വിശദീകരിക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ടെന്നും അദ്ദേഹം മറുപടി നല്‍കണമെന്നും സോജി ആവശ്യപ്പെട്ടു.
Content highlight: mystery behind k Surendran suitcase
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..