കോഴിക്കോട്: പാനൂരിൽ മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് മരിക്കുന്നതിന് തൊട്ട്  മുമ്പ് വരെ കഴിഞ്ഞത് കേസിലെ മറ്റൊരു പ്രതിയ്‌ക്കൊപ്പം.നാലാം പ്രതി ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ചെക്യാട് ഭാഗത്താണ് ഒരുമിച്ച് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ഒന്നാം പ്രതിയായ ഷിനോസ് മാത്രമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷിനോസ് ഒഴിച്ചുള്ള നാല് പ്രതികളും ചെക്യാട് ഭാഗത്ത് ഒന്നിച്ചുണ്ടായിരുന്നു. അതില്‍ ശ്രീരാഗ് ആണ് രതീഷിനൊപ്പം  കൂടുതല്‍ സമയം ഒപ്പമുണ്ടായിരുന്നത്. മറ്റ് പ്രതികള്‍ ഈ സമയം മറ്റിടങ്ങളിലേക്ക് നീങ്ങിയിരിക്കാമെന്നാണ് നിഗമനം. പോലീസിന്റെ സൈബര്‍ ടീം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. രതീഷിന്റെ മൃതദേഹത്തിന് സമീപത്ത് വെച്ച് പേപ്പറിലെഴുതിയ ഒന്നിലധികം മൊബൈല്‍ നമ്പറുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഈ നമ്പറുകള്‍ തുടര്‍ച്ചയായി പോലീസ് പരിശോധിച്ചിരുന്നു. 

രതീഷിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്ന കോളുകളും മറ്റ്  പ്രതികളുടെ നമ്പറിലേക്ക് വന്ന കോളുകളും  പരിശോധിച്ചു. ഇത്തരത്തില്‍ ഏകദേശം 2000ത്തിലധികം കോളുകള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് പ്രതികള്‍ ഒരുമിച്ച് ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസിന് വ്യക്തമായത്.

Content Highlight: Mystery behind death of Mansoor murder case accused Ratheesh