എന്റെ പണം പാവങ്ങള്‍ക്കു നല്‍കണം- തൂക്കിലേറ്റുംമുമ്പ് ആലിമുസ്ലിയാര്‍; രേഖ കാലിക്കറ്റ് സര്‍വകലാശാലക്ക്


വിനോയ് മാത്യു

ആലി മുസ്ല്യാർ

മലപ്പുറം: മലബാര്‍ കലാപത്തിന്റെ പേരില്‍ ബ്രിട്ടീഷുകാരുടെ പിടിയിലായി തൂക്കിലേറ്റപ്പെട്ട ആലി മുസ്ലിയാര്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലത്ത് ഇംഗ്ലീഷ് പത്രത്തിന്റെ പ്രതിനിധിക്ക് അഭിമുഖം നല്‍കിയതിന്റെ രേഖ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രവിഭാഗത്തിന് ലഭിച്ചു.

ഈ അഭിമുഖം നടന്നതിനെ ബ്രിട്ടീഷുകാര്‍ ഗൗരവ സുരക്ഷാവീഴ്ചയായി കാണുകയും പലതട്ടില്‍ അന്വേഷണം നടത്തുകയും ചെയ്തതിന്റെ രേഖയും ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ആര്‍ക്കൈവ്സില്‍നിന്ന് കഴിഞ്ഞദിവസമാണ് ഇതിന്റെ പകര്‍പ്പുകള്‍ സര്‍വകലാശാലയിലെത്തിയത്.

തിരൂരങ്ങാടി പള്ളിയില്‍ താന്‍ സൂക്ഷിച്ചിരുന്ന പണം കണ്ടുകിട്ടുകയാണെങ്കില്‍ അത് പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്നും സെന്‍ട്രല്‍ ജയിലില്‍ തന്നോടൊപ്പം കഴിയുന്നവര്‍ക്ക് അല്‍പ്പം തുണി എത്തിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസിനോടും ഖിലാഫത്ത് പ്രവര്‍ത്തകരോടും പറയണമെന്നും അഭിമുഖകാരനോട് ആലി മുസ്ലിയാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. തന്നോടൊപ്പം തൂക്കുമരം വിധിക്കപ്പെട്ട മറ്റ് 12 ആളുകളുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

അവരെക്കുറിച്ച് വിവരംകിട്ടാതെ വിഷമിക്കുന്ന ബന്ധുക്കള്‍ക്ക് അത് സഹായമാകുമെന്ന് അദ്ദേഹം ആശിക്കുന്നു. ആലി മുസ്ലിയാര്‍ പറഞ്ഞുകൊടുത്ത എല്ലാവരുടെയും പേരുകള്‍ അക്കമിട്ടു പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 1921 ഡിസംബര്‍ ഏഴിന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ സി.കെ. മുഹമ്മദ് യാക്കൂബ് എന്ന മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ അഭിമുഖം ലേഖനരൂപത്തില്‍ ഡിസംബര്‍ 10-നാണ് പ്രസിദ്ധീകരിച്ചത്. ഡെപ്യൂട്ടി ജയിലറുടെ സാന്നിധ്യത്തില്‍ നടന്ന ആ അഭിമുഖത്തില്‍നിന്ന്:

'ഞങ്ങള്‍ എല്ലാവരും സന്തോഷവാന്‍മാരാണ്. വൈകാതെ ഞങ്ങള്‍ നേരിടാന്‍ പോകുന്നതിനെക്കുറിച്ചുള്ള ചിന്ത ഞങ്ങളെ തകര്‍ക്കുന്നില്ല. നിരപരാധികളായ ഞങ്ങളെപ്പോലുള്ളവര്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും വൃഥാവിലാകില്ലെന്ന ചിന്ത ആശ്വാസംപകരുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ അടക്കമുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ ഞാന്‍ പള്ളിയില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങളും കറന്‍സികളും അടക്കം 350 രൂപയും ആ പെട്ടിയില്‍ ഉണ്ടായിരുന്നു. പള്ളിയില്‍ കടന്ന പോലീസ് എല്ലാം എടുത്തുകൊണ്ടുപോയി.

വിചാരണവേളയില്‍ തുണികൊണ്ട് കെട്ടിയ ഒരു ചെറിയ പൊതി പോലീസ് എന്റേതെന്നു പറഞ്ഞ് ഹാജരാക്കിയിരുന്നു. അതില്‍ കേവലം 17 രൂപയാണ് ഉണ്ടായിരുന്നത്. ബാക്കി എന്തുചെയ്തുവെന്ന് എനിക്കറിയില്ല. കണ്ടുകിട്ടുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണം. ദലാല്‍ ഇല്‍ ഖൈറാത്തിന്റെ (പ്രവാചക പ്രകീര്‍ത്തനങ്ങളുടെ പുസ്തകം) കോപ്പി എത്തിച്ചുതന്നാല്‍ ഉപകാരമായിരുന്നു'.

പിറ്റേവര്‍ഷം ഫെബ്രുവരി 18-ന് പുലര്‍ച്ചെ അഞ്ചിന് ആലി മുസ്ലിയാര്‍, ഹുസൈന്‍കുട്ടി, അഹമ്മദ് എന്നിവരെ തൂക്കിലേറ്റിയതായി പത്രവാര്‍ത്തയില്‍ പറയുന്നു. മൃതദേഹങ്ങള്‍ ഖാന്‍ ബഹാദൂര്‍ ഗുലാം ഹുസൈന്‍ സാഹിബ് എന്നയാളിന് കൈമാറുകയും തുടിയാലൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തതിന്റെ രേഖയും സര്‍വകലാശാലയില്‍ ലഭിച്ചവയില്‍ പെടുന്നു.

നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്റെയും ആമിനയുടെയും രണ്ടാമത്തെ മകനായിരുന്നു ആലി മുസ്ലിയാര്‍.

Content Highlights: My money should be given to the poor-ali musliyar before hanging; document to University of Calicut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented