തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ  കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് നീക്കം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ്  ചെയ്‌തേക്കും. ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ജയദീപിനെ നേരത്തെ  സസ്‌പെന്‍ഡ്  ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന് നിര്‍ദേശം നല്‍കിയാണ് സസ്പെന്‍ന്റ് ചെയ്യിച്ചത്.  പിന്നാലെ രൂക്ഷപ്രതികരണവുമായി സോഷ്യല്‍ മീഡിയയിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെ നടപടിയെടുത്തവരെ കൊണ്ടാണ്ടര്‍മാര്‍ എന്ന് വിശേഷിപ്പിച്ച  ജയദീപ് അവധി ചോദിച്ചിട്ടും ലഭിക്കാതിരുന്ന തനിക്ക് സസ്പെന്‍ഷന്‍  അനുഗ്രമാണെന്നും പറഞ്ഞിരുന്നു. 

ഐ.എന്‍.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപിനെതിരെ നേരത്തെ വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും കേസുണ്ടായിരുന്നു.

ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലാണ് ജയദീപ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസ് കഴിഞ്ഞ ദിവസം അകപ്പെട്ടത്. അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ കടന്ന് പോകാമെന്ന പ്രതീക്ഷയില്‍ ഡ്രൈവര്‍ ജയ്ദീപ് ബസ് മുന്നോട്ട് എടുത്തു. ചെറിയ വണ്ടികള്‍ക്ക് പോകാനായി ബസ് ഇടയ്ക്ക് നിര്‍ത്തിക്കൊടുത്തു. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്നും ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നുപോയി. പിന്നീട് ബസ് സ്റ്റാര്‍ട്ട് ആയില്ല.

നാട്ടുകാരാണ് ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ച് ബസ് വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റി. മീനച്ചിലാറ്റിലെ തടയണ ഉയര്‍ത്തി നിര്‍മിച്ചതോടുകൂടിയാണ് ഈ റോഡില്‍ വെള്ളം കയറാന്‍ തുടങ്ങിയത്.

Content Highlights: mvd will suspend ksrtc driver jayadeep sebastians license for driving bus in flood