കണ്ണൂര്‍: ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമുണ്ടാവില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം വേണ്ടതില്ല. ഇതുപോലെ ധീരമായ നിലപാട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. അത് സംഘര്‍ഷത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നു. അത്തരം ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കാനും ക്വട്ടേഷന്‍ ഇടപാട് മറച്ചുവെക്കാനും ചിലര്‍ ശ്രമിക്കുന്നു. ക്വട്ടേഷന്‍കാര്‍ തട്ടിക്കൊണ്ടുവന്ന കള്ളപ്പണവും സ്വര്‍ണ്ണവും പങ്കുവെക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ മദ്ധ്യസ്ഥം വഹിക്കുന്ന ചിലരുണ്ട്. അത്തരം നീക്കങ്ങള്‍ ക്വട്ടേഷന് തുല്യമായി മാത്രമേ കാണാന്‍ കഴിയു.  ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസും കോടതിയുമാണ്. 

ചിലയിടങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ക്വട്ടേഷന്‍കാരില്‍ ചിലര്‍ രംഗത്തുവരാറുണ്ട്. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബലാല്‍ക്കാരമായിട്ടാണ് മദ്ധ്യസ്ഥവും തീരുമാനവും നടപ്പാക്കുന്നത്. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അതൊക്കെ തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ക്വട്ടേഷന്‍-മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ സിപിഎം ജൂലായ് അഞ്ചിന് കണ്ണൂര്‍ ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കും. സ്വര്‍ണ്ണകള്ളക്കടത്തും കള്ളപ്പണ ഇടപാടും പോലീസ് നടപടികളുടെ ഫലമായി പുറംലോകം അറിഞ്ഞു തുടങ്ങി. പോലീസ് നടപടികളുടെ ഫലമായി പല ക്വട്ടേഷനുകളും പാളിപ്പോയി. കള്ളസ്വര്‍ണ്ണ വാഹകര്‍ക്ക് ജില്ലയില്‍ ഏജന്റുമാരുമുണ്ട്. അത്തരം ചിലരും ക്വട്ടേഷന്‍കാരും അതിവേഗം സമ്പന്നരായി മാറുന്നു. മണിമാളികകള്‍ പണിയുന്നു. ഇത്തരക്കാര്‍ സാമൂഹ്യദ്രോഹികളാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

കൊടകര കുഴല്‍പ്പണ ഇടപാടാണ് സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ട. ജനവിധിയെ അട്ടിമറിക്കാന്‍ ബിജെപിയാണ് തിരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്നും തെളിഞ്ഞു. അവരുടെ ലക്ഷ്യം വിജയിച്ചില്ലെന്ന് മാത്രമല്ല, നിലവിലുണ്ടായിരുന്ന ഏക സീറ്റും നഷ്ടപ്പെട്ടു. കള്ള സ്വര്‍ണവും കള്ളപ്പണവുമായതിനാല്‍ നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം പലപ്പോഴും കേസുണ്ടാകാത്തതുമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പലരെയും ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: mv jayarajan statement against quotation mafia