-
കണ്ണൂര്‍: റബ്ബര്‍ വില കൂട്ടിയാല്‍ ബി.ജെ.പിയെ വോട്ടുചെയ്ത് വിജയിപ്പിക്കുമെന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം. നേതാവ് എം.വി. ജയരാജന്‍. കുടിയേറ്റജനതയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പിക്കുന്നതാണ് ബിഷപ്പിന്റെ വാക്കുകള്‍. കര്‍ഷകരെ ദ്രോഹിക്കുകയും ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘപരിവാറിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് ആഹ്വാനം ചെയ്താലും അനുഭവസ്ഥരായ മലയോരജനത അത് തള്ളിക്കളയുമെന്നും എം.വി. ജയരാജന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബിഷപ്പിന്റെ പ്രസംഗം ന്യൂനപക്ഷവേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബി.ജെ.പിയെ നിര്‍ലജ്ജം ന്യായീകരിക്കുന്നതാണെന്ന് നിസ്സംശയം പറയാം. ഫെബ്രുവരി 19ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ 79 ക്രൈസ്തവ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തില്‍ നടന്ന ന്യൂനപക്ഷ സംരക്ഷണ റാലിയില്‍ വൈദികശ്രേഷ്ഠന്മാര്‍ എടുത്ത നിലപാടിന് വിരുദ്ധമാണ് ആലക്കോട്ടെ കര്‍ഷകറാലിയിലെ ബിഷപ്പിന്റെ പ്രസംഗം. ഡല്‍ഹിയില്‍ ബിഷപ്പുമാര്‍ നടത്തിയ പ്രസംഗം ബി.ജെ.പി. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ, ന്യൂനപക്ഷവേട്ട തുറന്നുകാട്ടുന്നതായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ മോദി ഭരണത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ 400 ശതമാനമായി വര്‍ദ്ധിച്ചു എന്ന ഗുരുതരമായ വെളിപ്പെടുത്തലുണ്ട്. യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിന് പുറമേ ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും അക്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളില്‍ നിന്നുള്ള അഞ്ച് അംഗങ്ങളില്‍ ഒരാള്‍ പോലും ക്രിസ്ത്യാനിയില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയും അവര്‍ ചൂണ്ടിക്കാട്ടുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം കോണ്‍ഗ്രസ് ഭരണകാലത്ത് ഒപ്പിട്ടതും ബി.ജെ.പി. സര്‍ക്കാര്‍ തുടരുന്നതുമായ ആസിയാന്‍ കരാര്‍ അടക്കമുള്ള കര്‍ഷകദ്രോഹ കരാറുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമാണ്. ഇറക്കുമതി ഉദാരമാക്കിയതും തീരുവ വെട്ടിക്കുറച്ചതും റബ്ബര്‍ അടക്കമുള്ള കാര്‍ഷികോല്‍പന്നങ്ങളുടെ വില കുറക്കാനിടയാക്കി. റബ്ബറിന്റെ വില ഇടിയാന്‍ കാരണം സംസ്ഥാന സര്‍ക്കാരുകളല്ല. മറിച്ച് റബ്ബറിന് പ്രൊഡക്ഷന്‍ ഇന്‍സെന്റീവും നെല്ല് അടക്കമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് തറവിലയും നല്‍കി കൃഷിക്കാരെ സഹായിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും എം.വി. ജയരാജന്‍ ചൂണ്ടിക്കാണിച്ചു.
Content Highlights: mv jayarajan statement against mar joseph pamplany
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..