.jpg?$p=6610592&f=16x10&w=856&q=0.8)
എംവി ജയരാജൻ, രേഷ്മ, നിജിൽ ദാസ് | Photo: Screengrab
കണ്ണൂർ: രേഷ്മയുടേയും ഭർത്താവ് പ്രശാന്തിന്റേയും പാർട്ടി ബന്ധം നിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപി അഭിഭാഷകനാണെന്നും ജാമ്യത്തിലിറക്കാൻ എത്തിയത് ബിജെപി മണ്ഡലം സെക്രട്ടറിയാണെന്നും എംവി ജയരാജൻ പറഞ്ഞു. കൊലക്കേസിലെ പ്രതി നിജിൽ ദാസുമായി രേഷ്മയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ട്. പ്രതിയാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഒളിത്താവളം ഒരുക്കിയിതെന്നും അദ്ദേഹം റിമാൻഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
രേഷ്മയുടെ ഭർത്താവ് പ്രശാന്ത് ഗൾഫിൽ സിപിഎം പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'അങ്ങനെ പലതും ഇനിയും വരും. പണ്ട് ബിജെപി ഉണ്ടായിരുന്നില്ല. 1920ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. സികെ പത്മനാഭന്റെ പഴയ രാഷ്ട്രീയം അറിയില്ലേ?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭർത്താവ് പ്രശാന്ത് ഇപ്പോൾ രേഷ്മയുടെ പാതയിൽ തന്നെ പോയിക്കൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ സമരപരിപാടികളിൽ അദ്ദേഹം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനും അഭിഭാഷക പരിഷത്തിന്റെ നേതാവുമായ പ്രേമരാജൻ. ജാമ്യത്തിലിറക്കാൻ കോടതിയിൽ എത്തിയത് ബിജെപിയുടെ മണ്ഡലം സെക്രട്ടറി. ജാമ്യത്തിലിറക്കിയത് ബിജെപിക്കാർ. ഇതൊക്കെ കേസിൽ പ്രതിയായതിന് ശേഷമുള്ള സംഭവമാണ്. കൊലക്കേസിൽ പ്രതിയാണെന്ന് അറിയാം എന്ന് മാത്രമല്ല ഈ സ്ത്രീയുമായി നേരത്തെ തന്നെ പ്രതിക്ക് പരിചയമുണ്ട്. ഇങ്ങനെയെല്ലാമുള്ള സംഭവത്തിൽ കൊലക്കേസിൽ സംരക്ഷിക്കുന്ന പ്രതിയെ കുറ്റം ചെയ്തതിനെ ചൂണ്ടിക്കാട്ടാതെ മറ്റുള്ള കാര്യങ്ങളുടെ ജാതകം നോക്കുന്നതിൽ എന്താണ് അർത്ഥം. കേസിൽ പ്രതിയായതിന് ശേഷമുള്ള സംഭവം എടുത്ത് പരിശോധിച്ചാലും ഇവരെ സംരക്ഷിക്കാൻ എത്തിയത് ബിജെപിക്കാരാണെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അന്വേഷിക്കുന്ന ഒരു പ്രതി മുഖ്യമന്ത്രിയുടെ വീടിന്റടുത്ത് ഒളിച്ചു താമസിച്ചതിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'മഹാ ഭാഗ്യം, സിഎം സംരക്ഷിച്ചില്ല എന്ന് പറയാത്തതിൽ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..