-
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാർ വാടകക്കെടുത്തതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥരാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള നീചമായ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വട്ടേഷനുകൾ ക്ഷണിച്ചു കൊണ്ടാണ് വാഹനത്തിന്റെ വാടക നിർണയിച്ചത്. പാർട്ടി കോൺഗ്രസ് ഇത്തരത്തിൽ വലിയ വിജയമായതിന് ശേഷം ബിജെപി ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് പരിഹാസമാണ്, നീചമാണ്. ഇത്തരം ഏജൻസികളിൽ നിന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും വാടകക്കെടുക്കാറുണ്ട്. പാർട്ടി കോൺഗ്രസിൽ കുറ്റം കണ്ടെത്താനില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുകയാണ്. ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി കോൺഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയിൽ നിന്ന് വരെ വാഹനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് വിവാദമായ വാഹനം അല്ലായിരുന്നു എന്നും കെഎൽ 13 എആർ 2707 നമ്പറിലുള്ള വാഹനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിലായ വാഹനത്തിലായിരിക്കാം യെച്ചൂരി വിമാനത്താവളത്തിൽ നിന്ന് വന്നിട്ടുണ്ടാവുക, എന്നാൽ ഇത് വിവാദമാക്കേണ്ട വിഷയം ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: MV Jayarajan response about car controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..