എം.വി ജയരാജൻ | ഫോട്ടോ: ജി ബിനുലാൽ
തലശേരി: സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്. മത്സ്യത്തൊഴിലാളിയായ ഹരിദാസന് ജോലി കഴിഞ്ഞ് തിരിച്ചുവരവേ പതിയിരുന്ന് ആക്രമിച്ചാണ് ആര്.എസ്.എസ് സംഘം കൊലപ്പെടുത്തിയതെന്നും ജയരാജന് പറഞ്ഞു. തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസംഗവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഹരിദാസന്റെ കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസുകാരാണ്. അദ്ദേഹത്തിന്റെ ഇടതുകാല് മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ നിലയിലാണ്. നിരവധി വെട്ടുകളാണ് മൃതദേഹത്തിലുള്ളത്. ഇത്തരത്തിലൊരു കൊലപാതകം നടക്കാനുള്ള പ്രശ്നങ്ങളൊന്നും തലശേരിയിലില്ല. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പ്രദേശത്തെ ഒരു വിഷയവുമായി ബന്ധപ്പെട്ട് തലശ്ശേരി നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സി.പി.എം പ്രവര്‍ത്തകരെ കൈകാര്യം ചെയ്യും എന്നാണ് കൗണ്‍സിലര്‍ പ്രസംഗത്തില്‍ പറയുന്നത്. ബി.ജെ.പിയുടെ ഉയര്‍ന്ന നേതാവാണ് ഈ കൗണ്‍സിലര്‍. രണ്ട് വര്‍ഷത്തിനിടയില്‍ പത്താമത്തെ സി.പി.എം പ്രവര്‍ത്തകന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് സി.പി.എം ചെയ്തത്. ഹരിദാസന്റെ കൊലപാതകത്തിനെതിരെ സി.പി.എം ജില്ലയിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയരാജന് പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ ബി.ജെ.പിയ്ക്ക് പങ്കില്ലെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഹരിദാസ് പറഞ്ഞു. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. സി.പി.എം പ്രതികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പ്രയത്നിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഹരിദാസ് പറഞ്ഞു.
Content Highlights: M.V. Jayarajan on Thalassery CPM Activist Murder, Kannur, CPIM, BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..