എം.വി. ഗോവിന്ദൻ | Photo: Mathrubhumi
കൊച്ചി: മാധ്യമപ്രവർത്തകനെ ബിൻലാദൻ എന്ന പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തിൽ എം.വി. ജയരാജനുമായി സംസാരിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്നേരത്തെ സ്പിരിറ്റിലാണ് ജയരാജൻ അങ്ങനെ പറഞ്ഞതെന്ന് ഗോവിന്ദൻ കൊച്ചിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. ബിൻലാദന്റെ പേര് പറഞ്ഞ് ആക്ഷേപിച്ചത് ചൂണ്ടിക്കാണിച്ചപ്പോൾ പരിശോധിക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്. ഇന്ന് പ്രതിരോധ ജാഥ എറണാകുളത്ത് പര്യടനത്തിനെത്തിയപ്പോൾ മാധ്യമങ്ങളെ കാണുകയായിരുന്നു എം.വി. ഗോവിന്ദൻ.
'കോടതിയെപ്പറ്റി പറഞ്ഞ പോലെയുള്ള ഒരു പരാമർശം മാത്രമേ ജയരാജൻ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ് സംസാരിച്ചപ്പോൾ മനസ്സിലായത്. പേരിന്റെ പ്രസക്തി പറഞ്ഞു പോയപ്പോൾ പറഞ്ഞതാണ്. പാർട്ടി നിലപാട് അല്ല എന്ന് അന്നേ പറഞ്ഞതാണ്. പാർട്ടി നിലപാട് അല്ലാത്ത ഒരു കാര്യം പാർട്ടി നേതാക്കൾ പറയുമ്പോൾ സൂക്ഷിക്കണം എന്ന് അവരോട് പറയും' ഗോവിന്ദൻ പറഞ്ഞു.
ജയരാജന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന ചോദ്യം ചിരിച്ചു തള്ളിയ അദ്ദേഹം, 'കെ സുധാകരനോട് ചോദിക്കൂ' എന്നായിരുന്നു മറുപടി നൽകിയത്. ആർ.എസ്.എസിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട് എന്ന് പറഞ്ഞതിനേക്കാളും പ്രശ്നം അല്ലല്ലോ ഇത് എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.
'ഏതെങ്കിലും ഒരാളെ പേരു കൊണ്ടോ, കളറ് കൊണ്ടോ വേർതിരിച്ചു കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളോട് ഒരു തരത്തിലുമുള്ള യോജിപ്പിപ്പുമില്ല. ശരിയായ നിലപാടാണ് സ്വീകരിക്കുന്നത്. ജയരാജനുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടേ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു, അത്രേ ഉള്ളൂ. ഇതിൽ ഖേദപ്രകടനത്തിന്റെ പ്രശ്നം ഒന്നുമില്ല. ഇങ്ങനെ ഒരു പേര് പറഞ്ഞു പോകുമ്പോൾ പേരിനകത്ത് ഒരു ബിൻ ഉണ്ടായി, അത് വെച്ചു പറഞ്ഞു പോയതാണ്. അതിൽ ഉറച്ചു നിൽക്കുന്നില്ല' ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇത് വംശീയ പരാമർശം അല്ലേ എന്ന ചോദ്യത്തിന്, വംശീയതയൊന്നും ഇല്ല, ബിൻലാദൻ എന്നത് വംശത്തെ അല്ല ഉദ്ദേശിച്ചത്, ബിൻ ലാദൻ എന്ന് ഉദ്ദേശിച്ചത് തീവ്രവാദിയെയാണ്. പേരിനകത്ത് വന്ന് ചേർന്ന ഒരു സാമ്യം ആ പേരിന് മേലെ വന്ന പ്രശ്നം അല്ല. യഥാർഥത്തിൽ ബിൻലാദനുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഭാഗമായിട്ടാണല്ലോ പേര് തന്നെ പരാമർശിക്കപ്പെട്ടത്. സ്വാഭാവികമായിട്ടും അത് വംശീയമായിട്ടല്ല, വർഗീയ നിലപാടാണ്. രണ്ടും രണ്ടായിട്ട് തന്നെ കാണണം അദ്ദേഹം പറഞ്ഞു. ജയരാജന്റെ പരാമര്‍ശത്തെ പിന്തുണച്ച് പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.
Content Highlights: mv govindan replay about mnv jayarajan contravercial binladin statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..