തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന് തുടര്‍ച്ചയായ ചികിത്സ ആവശ്യമുള്ളതിനാല്‍ അവധി ആവശ്യപ്പെട്ടതു പ്രകാരമാണ് എ. വിജയരാഘവന് താത്ക്കാലിക ചുമതല നല്‍കിയതെന്ന് സിപിഎം നേതാവ് എം. വി ഗോവിന്ദന്‍. 

"തനിക്ക് തുടര്‍ച്ചയായ ചികിത്സ ആവശ്യമുണ്ടെന്നും അതിനാല്‍ ചികിത്സയ്ക്ക് അവധി ആവശ്യമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അതംഗീകരിക്കുകയും തുടര്‍ ചികിത്സയ്ക്ക് അനുവാദം നല്‍കുകയുമാണ് ചെയ്തത്. കോടിയേരി ബാലകൃഷ്ണന് നിലവിലെ അവസ്ഥയില്‍ പാര്‍ട്ടി സെക്രട്ടറി ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എ വിജയരാഘവന് ആ ചുമതല നല്‍കിയത്", എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

എത്ര കാലത്തേക്കാണ് അവധി എന്ന ചോദ്യത്തിന് ചികിത്സ എത്രകാലമാണോ അതിനനുസരിച്ചാണ് അവധിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

മകനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അദ്ദേഹം ഇതിനു മുമ്പ് വ്യക്തമാക്കിയതാണെന്നും പാര്‍ട്ടിയെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കൂട്ടിച്ചേര്‍ത്തു .

content highlights: MV Govindan on Kodiyeri leave