എം.വി. ഗോവിന്ദൻ, കെ. സുധാകരൻ | Photo: Mathrubhumi
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജയുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും നിയമവാഴ്ചക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അധികാര ദുര്‍വിനിയോഗത്തിലൂടെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പ്രസ്താവനയില്‍ ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കെ.പി.സി.സിയുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകര്‍ത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു
'സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചപ്പോള്‍ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സി.പി.എം. നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ ഇത്തരം നടപടികള്‍ക്ക് സാധുത നല്‍കുന്നതാണ് കെ.പി.സി.സി. കൈക്കൊള്ളുന്ന നിലപാട്. കെ.പി.സി.സി. പ്രസിഡന്റിന്റെ ആര്‍.എസ്.എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്നതായി കെ. സുധാകരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാല്‍ ആര് എതിര്‍ത്താലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ. സുധാകരന്‍, മതനിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബി.ജെപിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബി.ജെ.പി. പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളത്.',പ്രസ്താവനയില്‍ പറയുന്നു.
Content Highlights: mv govindan k sudhakaran cpm congress devikulam a raja wayanad rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..