K Rail വന്നാല്‍ കൂറ്റനാടുനിന്ന് കൊച്ചിയെത്തി അപ്പംവിറ്റ് ഉച്ചക്കുമുന്നേ തിരിച്ചെത്താം- M.Vഗോവിന്ദന്‍


2 min read
Read later
Print
Share

എം.വി. ഗോവിന്ദൻ | Photo: Mathrubhumi

തൃത്താല: കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നിലവില്‍ വരുന്നപക്ഷം പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുന്‍പ് തിരികെയെത്താമെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയില്‍ നിലവില്‍ വന്നാല്‍ അന്‍പതു കൊല്ലത്തിന്റെ അപ്പുറത്തെ വളര്‍ച്ചയാണ് കേരളത്തിനുണ്ടാവുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. കാരണം 39 വണ്ടികളാണ് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ളത്. തിരിച്ചും 39 വണ്ടികളുണ്ട്. ഇരുപത് മിനിട്ട് ഇടവിട്ട് വണ്ടി. കൂറ്റനാടുനിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാര്‍ക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊര്‍ണൂരുനിന്ന് എട്ടര-ഒന്‍പതോടെ കെ റെയിലില്‍ കയറാം. ഒരു റിസര്‍വേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാര്‍ജേ ഉള്ളൂ. കയറി. കൊച്ചിയിലാണ് നിങ്ങളുടെ മാര്‍ക്കറ്റ്. എത്ര മിനുട്ടു വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിട്ടു മതി. 25 മിനിട്ടുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂര്‍ കൂട്ടിക്കോളൂ. കൊച്ചിയില്‍ അപ്പം വില്‍ക്കാം. ചൂടപ്പം അല്ലേ അര മണിക്കൂര്‍ കൊണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാര്‍ക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെനിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയില്‍ വന്നാലുള്ള സൗകര്യം, ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും അധ്യാപകര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വരുന്നതോടെ നിലവില്‍ നിരത്തിലൂടെ ഓടുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ പിന്‍വലിക്കാനാകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെ പിന്‍വലിക്കാനായാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാം. അത് പരിസ്ഥിതിക്ക് നല്ലതാണ്. ഇത്രയും ഗുണമുള്ള കെ റെയില്‍ വേണ്ടെന്ന് യു.ഡി.എഫ്. പറയുന്നു. കടംവാങ്ങാന്‍ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോയെന്നും ഗോവിന്ദന്‍ ആരാഞ്ഞു. എല്ലാ യോഗത്തിലും പറഞ്ഞു, ആദം സ്മിത്ത് ഉള്‍പ്പെടെയുള്ളവരുടെ തിയറി വായിക്കണമെന്ന്. കോണ്‍ഗ്രസുകാര്‍ ഒരു വസ്തു വായിക്കില്ല. ലീഗ് വായിക്കുന്നതിനെ പറ്റി പറയുകയും വേണ്ടല്ലോ. അര്‍ഥശാസ്ത്രത്തിന്റെ ആദ്യപദത്തില്‍ തന്നെ പറയുന്നത് മൂലധനനിക്ഷേപത്തിനു വേണ്ടി കടംവാങ്ങണം എന്നാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

കെ റെയില്‍ നിലവില്‍ വന്നാല്‍ മൂന്നു മണിക്കൂര്‍ 54 മിനിറ്റു കൊണ്ട് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തെത്താം.. നാഷണല്‍ ഹൈവേയ്ക്ക് എടുക്കേണ്ടി വരുന്നതിന്റെ പകുതി ഭൂമി മതിയാകും കെ റെയിലിന്. അതും മലപ്പുറം തിരൂര്‍ വരെ ഭൂമിയേ ഏറ്റെടുക്കണ്ട. അവിടെ വരെ നിലവിലുള്ള റെയില്‍വേ ട്രാക്കിനൊപ്പം തന്നെ വരും. അതിനു ശേഷം മാത്രമേ ഭൂമിയ്ക്കടിയിലൂടെയും ഭൂമിക്കു മേലെയും ഉപരിതലത്തിലൂടെയും ഒക്കെ സ്ഥലമേറ്റെടുപ്പ് വേണ്ടിവരു. അതും ചെറിയതോതിലേ ഭൂമി ഏറ്റെടുക്കേണ്ടി വരികയുള്ളൂ. അതിനും നല്ല വില കൊടുക്കും. നാഷണല്‍ ഹൈവേയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ ചിലര് പറയുന്നത്, കുറച്ച് ബാക്കിയുണ്ട് അതുകൂടി ഏറ്റെടുത്തോളൂ എന്നാണ്. കാരണം ഉയര്‍ന്ന വിലയല്ലേ കൊടുക്കുന്നത്. കീഴാറ്റൂരിലെ വയല്‍ക്കിളികളെ കുറിച്ച് കേട്ടിട്ടില്ലേ. എന്റെ നാട്ടിലാണത്. അവിടെ മൂവായിരം നാലായിരം രൂപ കിട്ടിയിരുന്ന സ്ഥലത്തിന് ആറുലക്ഷം-ഏഴുലക്ഷം രൂപയാണ് സെന്റിന് ലഭിച്ചത്. ഒരേക്കറോളം സ്ഥലം പോയവരുണ്ട്. അവര്‍ക്കൊക്കെ എത്രയാ പൈസ ലഭിച്ചത്. അവരുടെ എല്ലാം കിളിയും പോയി. അവസാനം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ എന്റെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് പങ്കെടുത്തെന്നും ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: mv govindan explains benefits of k rail

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ആൻമരിയ സി.സി.യു.വിൽ; നില ഗുരുതരമായി തുടരുന്നു, 72 മണിക്കൂർ നിരീക്ഷണം

Jun 2, 2023


pinarayi vijayan

2 min

മൂന്നുതരം പാസ്, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭ മേഖലാസമ്മേളനം പണപ്പിരിവ് വിവാദത്തില്‍

Jun 1, 2023


arikomban

1 min

വിശക്കുമ്പോൾ നാട്ടിലേക്കിറങ്ങേണ്ട; അരിക്കൊമ്പന് കാട്ടിൽ അരിയെത്തിച്ചു നൽകി തമിഴ്നാട്

Jun 2, 2023

Most Commented