എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിവാദപരാമര്‍ശം നടത്തിയ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഫാദര്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്ക് പോലും വില കല്‍പ്പിക്കാത്ത പ്രസ്താവനയാണ് അബ്ദുറഹ്മാനെതിരെ നടത്തിയതെന്നും ഗോവിന്ദന് പറഞ്ഞു.
'മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യന്റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിംപേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്സ്. അതാണ് ആ മനുഷ്യന് പ്രകടിപ്പിച്ചത്' സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
രൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ആദ്യം ഇറങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യമേഖലയില്‍ ഇത് കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ തങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പൊതുമേഖലയിലേക്ക് കൊടുക്കാനായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടത്. അദാനിക്ക് കൊടുക്കുന്നതിലായിരുന്നു തങ്ങളുടെ എതിര്‍പ്പ്. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് സ്വകാര്യമേഖലയ്ക്ക് തന്നെ നല്കി. അതിന്റെ പിന്നിലുള്ള അഴിമതി സംബന്ധിച്ചും തങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ അവിടെ പണി നടക്കുകയാണ്. എങ്ങനെയാണ് പദ്ധതിയോട് നിലപാട് സ്വീകരിക്കേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീട് വരുന്ന സര്‍ക്കാരും എടുക്കേണ്ടതെന്ന തീരുമാനത്തില്‍ പദ്ധതി തുടരുന്നതിന് അനുകൂലിച്ച് എല്ലാ പിന്തുണയും നല്കി.
മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായത് സര്‍ക്കാര്‍ ചെയ്തു. ഏഴില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് യോജിക്കാനാകില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഗോവിന്ദന് പറഞ്ഞു.
'തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടതിന് ശേഷം ഈ ഒറ്റപ്രശ്നത്തിലാണ് കലാപം സൃഷ്ടിക്കുന്നത്. സമരത്തിന് ഞങ്ങള്‍ എതിരല്ല. പോലീസ് സ്റ്റേഷന് ആക്രമണം യാദൃശ്ചികമായി ഉണ്ടായതല്ല. ആസൂത്രിതമായി നടത്തിയതാണെന്ന് എല്ലാവര്ക്കും അറിയാം. വളരെ ക്രൂരമായിട്ടാണ് ജനങ്ങളേയും പോലീസിനേയും അക്രമിച്ചത്. ഇതിന് പിന്നില്‍ ഒരു ഗൂഢഉദ്ദേശ്യമുണ്ട്. അത് അവര്‍ പരസ്യമായി പറയില്ല. സമരം തീരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം അവിടെയുണ്ട്. അവരാണ് കലാപത്തിന് പിന്നില്‍.
ക്രമസമാധാനം നോക്കലല്ല ഇപ്പോള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സര്‍ക്കാരിന്റെ ഏറ്റവും വലിയ വക്താവാണ് ഈ പറയുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് സുരേന്ദ്രന് പറയുമ്പോള്‍ പോകാന്‍ നിക്കുകയല്ല ഞങ്ങള്‍. ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് അയാള്‍ പച്ചമലയാളത്തില്‍ പറഞ്ഞത്. അതിനൊപ്പം തന്നെ സുധാകരന് പറയുന്നു ഞങ്ങള്‍ വിമോചന സമരം നടത്തികളയുമെന്ന്. രണ്ടുപേര്‍ക്കും ഒരേ മുദ്രവാക്യമാണ്. അതില്‍ ഒരത്ഭുതമില്ല. അതൊന്നും ഈ കേരളത്തില്‍ നടക്കുകയില്ല. പഴ പോലെയല്ല ഈ നാട്. പാര്‍ട്ടി ഇതിനെതിരായ പ്രചാരണം നടത്തും' ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: mv govindan cpm state secretary-vizhinjam port issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..