സംഘര്‍ഷം; മുള്‍മുനയില്‍ മൂവാറ്റുപുഴ നഗരം, തല മുറിഞ്ഞിട്ടും പിന്മാറാതെ ഡി.വൈ.എസ്.പി


തല മുറിഞ്ഞിട്ടും പിന്മാറാതെ ഡിവൈ.എസ്.പി

മൂവാറ്റുപുഴയിൽ സി.പി.എം - കോൺഗ്രസ് സംഘർഷത്തിനിടെ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കോൺഗ്രസ് - സി.പി.എം. സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റു. ഡിവൈ.എസ്.പി. ഉൾപ്പെടെ അഞ്ച് പോലീസുകാർക്കും രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും മൂന്ന് സി.പി.എം. പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്. സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. രണ്ട് കാറുകളുടെ ചില്ലുകൾ തകർന്നു.

കോൺഗ്രസ് പ്രകടനത്തിനിടെ ഇടതുപക്ഷ സംഘടനകളുടെ കൊടിമരങ്ങളും ബോർഡുകളും തകർത്തു. സി.പി.എം. പ്രവർത്തകർ പ്രകടനത്തിനിടെ എം.എൽ.എ. ഓഫീസിലേക്ക് പടക്കമെറിയുകയും ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റേയും പോഷക സംഘടനകളുടേയും കൊടിമരങ്ങളും കട്ടൗട്ടുകളും ബാനറുകളും നശിപ്പിച്ചു.ബുധനാഴ്ച വൈകീട്ട് അഞ്ചോടെ തുടങ്ങിയ സംഘർഷം ഒരു മണിക്കൂർ നീണ്ടു. ഇടുക്കി ഗവ. എൻജിനീയറിങ്‌ കോളേജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് കോൺഗ്രസ് - സി.പി.എം. സംഘർഷത്തിലേക്ക് നീങ്ങിയത്.

തിങ്കളാഴ്ച വൈകീട്ട് സി.പി.എം. പ്രവർത്തകർ മൂവാറ്റുപുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കച്ചേരിത്താഴം-കാവുംപടി റോഡിൽ കോൺഗ്രസ് ഓഫീസിനു മുന്നിലെ കൊടിമരം തകർത്തിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഈ കൊടിമരം എടുത്ത് സമീപത്തുതന്നെയുള്ള സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിൽ കൊണ്ടിട്ടു. ഇതോടെ സംഘർഷം ഉടലെടുത്തെങ്കിലും നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കി.

സി.പി.എം. അതിക്രമത്തിനെതിരേ ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. കോൺഗ്രസ് ഓഫീസിനു മുന്നിൽ നിന്നാണിത് തുടങ്ങിയത്. തൊട്ടടുത്തുതന്നെയാണ് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസായ എസ്തോസ് ഭവനും. കോൺഗ്രസ് പ്രകടനം തുടങ്ങിയപ്പോൾത്തന്നെ സി.പി.എം. പ്രവർത്തകരും തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. പോലീസ് ഇരു കൂട്ടരേയും പിന്തിരിപ്പാക്കാൻ ശ്രമിച്ചു. ഇതിനിടെ പെട്ടെന്ന് ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി. നടുക്കായിപ്പോയ ഡിവൈ.എസ്.പി. അജയ് നാഥിന്റെ തലയ്ക്കാണ് കല്ല് കൊണ്ടത്. എസ്.ഐ. എൽദോസ് കുര്യാക്കോസ്, സി.പി.ഒ. ഷമീർ, രഞ്ജിഷ് എന്നിവർക്കും പരിക്കേറ്റു.

പ്രകടനമായെത്തി പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പട്ടികയെറിഞ്ഞതുകൊണ്ട് സ്റ്റേഷൻ പി.ആർ.ഒ. അനിൽകുമാറിനും പരിക്കേറ്റു. തലയിൽ മൂന്ന് സ്റ്റിച്ചുള്ള ഡിവൈ.എസ്.പി.യെ മൂവാറ്റുപുഴ നിർമല ആശുപത്രിയിൽ സ്കാനിങ്ങിനു വിധേയനാക്കി. കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോൺ, കെ.എം. മാത്തുക്കുട്ടി എന്നിവർക്കും പരിക്കുണ്ട്. ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സി.പി.എം. പ്രവർത്തകരും ആശുപത്രിയിലുണ്ട്.

അടിക്കടി മുറുകി പിരിമുറുക്കം

സി.പി.എം. - കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ രണ്ട് മണിക്കൂറോളം നഗരം സംഘർഷാവസ്ഥയിലായി. കാവുംപടി റോഡിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽനിന്ന് പ്രകടനം തുടങ്ങിയപ്പോൾത്തന്നെ അന്തരീക്ഷം ചൂടുള്ളതായിരുന്നു. സി.പി.എം. ഓഫീസിനു മുന്നിലൂടെ കോൺഗ്രസ് പ്രകടനത്തിന്റെ മുൻ നിര കടന്നുപോകുമ്പോൾ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകരുണ്ടായിരുന്നു. എന്നാൽ, നേതാക്കൾ കടന്നുപോകും വരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. നേതാക്കളുടെ നിര കടന്നുപോയതോടെ മുദ്രാവാക്യം വിളികൾ ഇരുകൂട്ടരും തമ്മിലുള്ള പോർവിളിയായി മാറി. ഇതിനിടെ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നുണ്ടായിരുന്നു. കൊടികൾ കൊണ്ട് ഇരുകൂട്ടരും പരസ്പരം എറിഞ്ഞു.

ഡിവൈ.എസ്.പി. അജയ്നാഥിന്റെ നേതൃത്വത്തിൽ പോലീസ് ഇരുകൂട്ടരോടും പിന്തിരിയാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ, പ്രകടനം കോടതിക്കു മുന്നിലെത്തിയതോടെ കല്ലേറ് തുടങ്ങി. മറുപക്ഷത്തുനിന്നും കല്ലേറുണ്ടായി. പോലീസുകാർക്കും കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റതോടെ രംഗം വഷളായി. പോലീസും നേതാക്കളും ഇടപെട്ടാണ് ഒരു വിധം പ്രവർത്തകരെ പിന്തിരിപ്പിച്ചത്. നഗരം ചുറ്റി പോലീസ് സ്റ്റേഷനു മുന്നിലേക്കാണ് കോൺഗ്രസ് പ്രകടനം പോയത്. നഗരത്തിൽ ഗതാഗതക്കുരുക്കുമായി. ഇടതു സംഘടനകളുടെ കൊടിമരങ്ങളും പ്രകടനക്കാർ തകർത്തു.

കോടതിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലും സമരക്കാർ തകർത്തു. ഇതിനു പിന്നാലെ സി.പി.എം. ഓഫീസിനു മുന്നിൽനിന്ന് സി.പി.എം. പ്രവർത്തകരുടെ പ്രകടനം തുടങ്ങി. പ്രകോപിതരായിരുന്നു പ്രവർത്തകർ. നഗരസഭാ ഓഫീസിനു മുന്നിലെ കോൺഗ്രസിന്റെ കൂറ്റൻ കൊടിമരം ഒടിച്ചുമറിച്ച് നീങ്ങിയ പ്രകടനക്കാർ നഗരസഭാ ഓഫീസിനടുത്തുണ്ടായിരുന്ന മറ്റൊരു കൊടിമരവും തകർത്തു. വലിയ കട്ട് ഔട്ടുകളും പ്രവർത്തകർ തകർത്തു.

പോലീസ് സ്റ്റേഷൻ ഉപരോധിച്ച ശേഷം വൈകീട്ട്‌ ഏഴോടെ കച്ചേരിത്താഴത്തേക്ക് മടങ്ങിയ പ്രവർത്തകർ കാവുംപടി റോഡിലെ സി.പി.എം. സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞു. സംഘർഷത്തിന്‌ അയവു വന്നിരുന്നെങ്കിലും രംഗം പിന്നേയും വഷളായി. രാത്രി എട്ടോടെ മൂവാറ്റുപുഴ ടി.ബി.യിൽ മാത്യു കുഴൽനാടൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെത്തിയതോടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ടി.ബി. വളഞ്ഞു.

തല മുറിഞ്ഞിട്ടും പിന്മാറാതെ ഡി.വൈ.എസ്.പി

കല്ലേറിൽ തല മുറിഞ്ഞ് ചോര വാർന്നൊഴുകിയിട്ടും ഡിവൈ.എസ്.പി. അജയ്‌നാഥ് പിന്തിരിഞ്ഞില്ല. തലയിലെ മുറിവ് പൊത്തിപ്പിടിച്ച് ഓടിച്ചെന്ന് സമരക്കാരോട് പോകാൻ പറയുകയായിരുന്നു ഇദ്ദേഹം. സഹ പ്രവർത്തകരായ പോലീസുകാർ ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുറിവിൽ പൊത്തിപ്പിടിച്ച് സാർ പൊയ്‌ക്കോളൂ ഞങ്ങൾ നോക്കിക്കോളാം എന്ന് ആവർത്തിച്ചു. പക്ഷേ, ജീപ്പിലേക്ക് കയറാതെ ചീറി നിൽക്കുന്ന സമരക്കാരുടെ മുന്നിലേക്ക് ഓടിയെത്തി ഇദ്ദേഹം.

CPM Congress conflict
സംഘർഷത്തിനിടെ പരിക്കേറ്റ പുത്തൻകുരിശ് ഡി.​വൈ.എസ്.പി. അ‌ജയ്നാഥ്

ചോര അപ്പോൾ വിരലുകൾക്കിടയിലൂടെ ഒഴുകുന്നുണ്ടായിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവാണ് ഏറ്റത്. മൂന്ന് സ്റ്റിച്ചും ഇടേണ്ടി വന്നു. സഹ പ്രവർത്തകരായ പോലീസുകാരുടെ കാലിലും നെഞ്ചിലും കല്ലേറുകൊണ്ടു. പി.ആർ.ഒ. അനിൽകുമാറിനെ പട്ടിക കൊണ്ട് എറിഞ്ഞാണ് പരിക്കേൽപ്പിച്ചത്. ചെവിയുടെ താഴെയാണ് ഏറ് കൊണ്ടത്.

എം.എൽ.എ. ഓഫീസിനും സി.പി.എം. ഓഫീസിനും നേരേ അക്രമം

സംഘർഷത്തിനിടെ എം.എൽ.എ. ഓഫീസിനും സി.പി.എം. പാർട്ടി ഓഫീസിനും നേരേ അതിക്രമം. സി.പി.എം. പ്രകടനം കച്ചേരിത്താഴത്തു നിന്ന്‌ പോസ്റ്റ് ഓഫീസ് ജങ്ഷനിലേക്ക് പോകുന്നതിനിടെയാണ് ടി.ബി. കവലയിലെ മാത്യു കുഴൽനാടൻ എം.എൽ.എ. യുടെ ഓഫീസിനു നേരേ അക്രമം ഉണ്ടായത്.

ഓഫീസിലേക്ക് പടക്കം എറിഞ്ഞ ശേഷമാണ് അക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഓഫീസ് കവാടത്തിലുണ്ടായിരുന്ന ചെടിച്ചട്ടിയും മറ്റും തകർത്തു. കല്ലേറും ഉണ്ടായി. ഓഫീസ് മുറികൾ കവാടത്തിൽനിന്ന് കുറച്ചകത്താണ്. ആർക്കും അപായമില്ല.

കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് തിരിച്ചുവരുന്ന വഴി കാവുംപടി റോഡിലെ സി.പി.എം. സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ചില്ല് തകർത്തു. ഓഫീസ് കവാടത്തിലെ ചില്ലുഭിത്തിയാണ് കല്ലേറിൽ പൊളിഞ്ഞത്.

സമരം ഏകദേശം കെട്ടടങ്ങിയ നേരത്താണ് ഈ സംഭവം. ഇരുകൂട്ടരും പോസ്റ്ററുകളും ബാനറുകളും കൊടികളും നശിപ്പിച്ചു. ധീരജിന്റേയും പി.ടി. തോമസിന്റേയും പോസ്റ്ററുകൾ തകർത്തു. കൊടിമരങ്ങളും ഇരുകൂട്ടരും മറിച്ചു.

എം.എൽ.എ.യെയും നേതാക്കളെയും ഉപരോധിച്ചു

മാത്യു കുഴൽനാടൻ എം.എൽ.എ.യെയും കോൺഗ്രസ് നേതാക്കളെയും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മൂവാറ്റുപുഴ ടി.ബി.യിൽ ഉപരോധിച്ചു. എം.എൽ.എ.യും നേതാക്കളും ഉണ്ടെന്നറിഞ്ഞെത്തിയ പ്രവർത്തകർ ടി.ബി. വളയുകയായിരുന്നു. വിവരമറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. അക്രമത്തിന് നേതൃത്വം നൽകിയവരെ എം.എൽ.എ. ടി.ബി.യിൽ ഒളിപ്പിച്ചിരിക്കുകയാെണന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെത്തിയത്. ഈ നേതാക്കളെ പുറത്തു വിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

കോൺഗ്രസ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നു - കെ.പി. രാമചന്ദ്രൻ

സാമൂഹിക മാധ്യമങ്ങൾ വഴി കോൺഗ്രസ് അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും ആയുധങ്ങളുമായി മനപ്പൂർവം അതിക്രമത്തിനിറങ്ങുകയാണ് കോൺഗ്രസ് ചെയ്തതെന്നും സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ പറഞ്ഞു. നിരവധി പ്രവർത്തകർക്ക് കല്ലേറിലും വടിയേറിലും പരിക്കുണ്ട്. സി.പി.എം. ഓഫീസ് ആക്രമിച്ചു. പോലീസ് വേണ്ടത്ര ഗൗരവത്തിലിടപെട്ടില്ല.

കൊടിമരം നശിപ്പിച്ചവർക്കെതിരേ നടപടി വേണം - ടി.എം. ഹാരീസ്

സി.പി.ഐ.യുടെ കൊടിമരങ്ങൾ നശിപ്പിച്ചവർക്കെതിരേ നടപടി വേണമെന്ന് സി.പി.ഐ. മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ് പറഞ്ഞു. കോൺഗ്രസ് പ്രകടനത്തിനിടെയാണ് കൊടിമരങ്ങൾ നശിപ്പിച്ചത്.

സി.പി.എം. സംഘർഷംഉണ്ടാക്കുന്നു - മാത്യു കുഴൽനാടൻ എം.എൽ.എ.

സി.പി.എം. മനപ്പൂർവം സംഘർഷമുണ്ടാക്കുകയാണെന്നും എം.എൽ.എ. ഓഫീസ് ആക്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പറഞ്ഞു. ടി.ബി.യിൽ തടഞ്ഞുെവച്ചതും തികച്ചും ഗൗരവമുള്ള അതിക്രമമാണ്. പ്രകടനം നടത്താനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ തടയാനാവില്ലെന്നും എം.എൽ.എ. പറഞ്ഞു.

Content Highlights: Congress-CPM clash in Muvattupuzha; Ten people were injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented