തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനെ മുൻ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ ഓഫീസിൽനിന്ന് ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്ത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം തീയതി റോജിയെ ഫോണിൽ വിളിച്ചത്. ഇതിനുശേഷം ഫെബ്രുവരി 17-നും 25-നും ഇദ്ദേഹം റോജിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.

ഫെബ്രുവരി രണ്ടാം തീയതിയാണ് വിവാദമായ മരംമുറി ഉത്തരവ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഇതിനു പിറ്റേ ദിവസമാണ് റോജി അഗസ്റ്റിനും ശ്രീകുമാറും ഫോണിൽ സംസാരിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്നാം തീയതി മുട്ടിൽ ഭാഗത്ത് മരംമുറി നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ ഈ തടികൾ കൊണ്ടുപോകാൻ പ്രതികൾക്ക് തടസം നേരിട്ടിരുന്നിരിക്കാം. ഇത് നീക്കുന്നതിന് വേണ്ടിയാണ് മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചതെന്നാണ് സൂചന.

അന്നേദിവസം മുട്ടിൽ ഭാഗത്തുനിന്ന് മുറിച്ചെടുത്ത തടികൾ ലക്കിടി വഴി കടന്നുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തടി കൊണ്ടുപോയ വാഹനത്തിന്റെ നമ്പറോ മറ്റുവിവരങ്ങളോ ലക്കിടിയിലെ വനംവകുപ്പ് ചെക്ക്പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല. ഇതാണ് റോജി അഗസ്റ്റിൻ വിളിച്ചത് പരിശോധന ഒഴിവാക്കാൻ വേണ്ടിയാണെന്ന സംശയത്തിന് ആക്കംകൂട്ടുന്നത്. അതിനിടെ, മന്ത്രിയുടെ ഓഫീസിന് പുറമേ വനംവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥരുമായും റോജി അഗസ്റ്റിൻ ഫോണിൽ സംസാരിച്ചതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്.

Content Highlights:muttil tree felling scam accused roji augustine and ex forest ministers staff contacted through phone