തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ ധര്‍മടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുരുജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മുട്ടില്‍ മരംമുറിക്കേസില്‍ സത്യസന്ധമായ നിലപാട് എടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയില്‍ ഞങ്ങള്‍ സല്യൂട്ട് ചെയ്തു. കാരണം സര്‍ക്കാരിന്റെ ഉത്തരവ് തന്നെ മരംമുറിക്ക് അനുകൂലമായിട്ടാണ്. എന്നിട്ടും മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ, സത്യസന്ധമായ നിലപാടെടുത്ത ഉദ്യോഗസ്ഥര്‍ ഉളളതുകൊണ്ടാണ് കള്ളക്കച്ചവടം പിടിക്കാന്‍ കഴിഞ്ഞത്', സതീശന്‍ പറഞ്ഞു. 

സത്യസന്ധരായ ഈ ഉദ്യോഗസ്ഥരെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥന്‍. ഇയാള്‍ പരസ്യമായി നിലപാട് എടുത്തിട്ടും അയാള്‍ക്കെതിരേ നടപടി എടുത്തില്ലെന്ന് മാത്രമല്ല മുഖ്യമന്ത്രി അയാളുടെ ഫയല്‍ മടക്കി. ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കുണമെന്നാവശ്യപ്പെട്ടെങ്കിലും സാധാരണ സ്ഥലമാറ്റം മാത്രമായി അത് അവസാനിപ്പിച്ചു. 

സ്വന്തം വകുപ്പിലെ മരം സംരക്ഷിക്കാന്‍ നിലപാട് എടുത്ത ഉദ്യോഗസ്ഥരെ വിരട്ടുകയും ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിലെ ധര്‍മ്മടം ബന്ധം എന്താണ്. ഈ കേസിലെ ധര്‍മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.