തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ വഴി തേടി സിപിഐ. മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ. രാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുകയാണ്. എം.എന്‍. സ്മാരകത്തിലാണ് കൂടിക്കാഴ്ച. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഇപ്പോഴും തുടരുകയാണ്. 

മരംമുറി വിവാദത്തില്‍ പൂര്‍ണമായും വെട്ടിലായത് സിപിഐയാണ്. വനം, പരിസ്ഥിതി വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ. ഈ സാഹചര്യത്തില്‍ വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പറയും എന്ന് പറഞ്ഞ് ഒഴിയുകയാണ് കാനം രാജേന്ദ്രന്‍ ചെയ്തത്. 

ഇതിന് പിന്നാലെയാണ് ഇന്ന് ഇന്ന് ഉച്ചയോടെ എം.എന്‍. സ്മാരകത്തിലേക്ക് റവന്യൂ മന്ത്രി കെ. രാജനേയും മുന്‍ മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനേയും കാനം രാജേന്ദ്രന്‍ വിളിച്ചു വരുത്തിയത്. വി.എസ്. സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വവും എംഎന്‍ സ്മാരകത്തില്‍ എത്തിയിട്ടുണ്ട്. 3 മണിക്കാണ് കൂടിക്കാഴ്ച ആരംഭിച്ചത്. 

മരംമുറിയിലേക്ക് നയിച്ച വിവാദ ഉത്തരവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ പാര്‍ട്ടി, മുന്‍ മന്ത്രിയില്‍ നിന്നും മന്ത്രിയില്‍ നിന്നും ചേദിച്ചറിയുകയാണെന്നാണ് വിവരം. നല്ല ഉദ്ദേശത്തോടെ ഇറക്കിയ ഉത്തരവായിരുന്നുവെന്നും അതിനെ ചിലര്‍ ദുര്‍വാഖ്യാനം ചെയ്ത് മരംമുറിയിലേക്ക് പോകുകയായിരുന്നുവെന്നുമാണ് നേരത്തെ, ഇതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തിരുന്നില്ല.

Content Highlights: Muttil tree felling Case Kanam Rajendran, E Chandrasekharan and K Rajan