കല്പറ്റ: മുട്ടിൽ മരംമുറിക്കേസിൽ കൺസർവേറ്ററായ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരേ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള എ.പി.സി.സി.എഫ് റിപ്പോർട്ടിന്മേൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തത് വിവാദമാകുന്നു. മരംമുറിക്കേസിൽ ശക്തമായ നടപടിയെടുത്ത കീഴുദ്യോഗസ്ഥനെതിരേ സ്വഭാവഹത്യ നടത്തുന്ന രീതിയിലുള്ള ഗൂഢാലോചന എൻ.ടി.സാജന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് എ.പി.സി.സി.എഫ് റിപ്പോർട്ടിൽ പറയുന്നത്. 

സംഭവത്തിൽ ക്രിമിനൽ  ഗൂഢാലോചനയോ സാമ്പത്തിക ക്രമക്കേടോ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് വിജിലൻസ് അന്വേഷണപരിധിൽ വരുന്നത്. വിജിലൻസ് അന്വേഷണത്തിന് പ്രത്യേക ഉത്തരവ് ആവശ്യമാണ്. അല്ലാതെയുള്ള അന്വേഷണത്തിന് നിയമ പ്രാബല്യമുണ്ടാകില്ല.

നിലവിൽ കേസന്വേഷിക്കുന്ന ഉത്തതതല സംഘവും എ.പി.സി.സി.എഫ് റിപ്പോർട്ടിന്മേൽ അന്വേഷണം ആരംഭിച്ചിട്ടില്ല. സാജനെ കൂടാതെ മറ്റു ചില ഉദ്യോഗസ്ഥരുടെയും പേര് റിപ്പോർട്ടിൽ ഉണ്ടെങ്കിലും ഇവരെ ആരെയും ഇതുവരെ വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. 

മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുണ്ടെന്നും പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശനം ഉന്നയിച്ചിരുന്നു.

Content Highlights: Muttil tree felling case judicial enquiry delays against N T Sajan