തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വനംവകുപ്പിന്റെ ശുപാര്‍ശ ചീഫ് സെക്രട്ടറിക്ക് കൈമാറി.

മരംമുറി വിഷയത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചു, ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എന്‍.ടി സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വനം വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. വിഷയത്തില്‍ അന്തിമ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

മുട്ടില്‍ മരംമുറി വിവാദം ഉയര്‍ന്നുവന്ന സമയത്ത് മുഴുവന്‍ പ്രതിസ്ഥാനത്ത് എന്‍.ടി സാജന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയായ ശേഷമേ നടപടി എടുക്കാന്‍ സാധിക്കൂ എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. എന്നാല്‍ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തില്‍ സാജനെതിരെ കണ്ടെത്തലുകള്‍ ഉണ്ടായി.

റേഞ്ച് ഓഫീസറായിരുന്ന ഷമീറിനെ അടക്കം കേസില്‍ കുടുക്കാന്‍ സാജന്‍ ശ്രമിച്ചെന്ന കണ്ടെത്തലും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ.

Content Highlights: Muttil tree felling case: forest department to suspend Forest conservator