കോഴിക്കോട്: മുട്ടില്‍ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതല്‍ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. 

മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരില്‍ ഒരാള്‍ ധനേഷ്‌കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിന്‍ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിന്‍വലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വനംമന്ത്രിയുടെ പ്രതികരണം. 

പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തില്‍ നിന്ന് മാറ്റി പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നല്‍കിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങിയിരുന്നു.  അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് ചീഫ് നിര്‍ദേശം നല്‍കിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തില്‍നിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്. ഇത് വിവാദത്തിനു തുടക്കം കുറിച്ചിരുന്നു.