തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിയില്‍ റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമാനുസൃതമാണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയതായി മന്ത്രി പി രാജീവ്.

ഉത്തരവ് റദ്ദുചെയ്യുന്നത് സംബന്ധിച്ചതാണ് നിയമോപദേശം തേടിയത്. ഉത്തരവില്‍ നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിച്ചു. നിയമവകുപ്പ് പറഞ്ഞത് പൂര്‍ണമായും റവന്യൂവകുപ്പ് അംഗീകരിച്ചു എന്ന് പി രാജീവ് സഭയില്‍ പറഞ്ഞു.നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തെയും ചട്ടത്തെയും അടിസ്ഥാനമാക്കി അതാത് ഭരണവകുപ്പുകള്‍ ആണ്. അത്തരത്തില്‍  ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സാധാരണ ഗതിയില്‍ നിയമ വകുപ്പിന്റെ അനുമതി തേടേണ്ടതില്ല. ഈ ഉത്തരവിലും നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. അതുകൊണ്ട് അത് തെറ്റല്ല. ഉത്തരവ് റദ്ദാക്കുന്ന ഘട്ടത്തിലാണ് നിയമവകുപ്പിന്റെ മുന്നിലെത്തിയത്. റദ്ദാക്കുന്ന ഉത്തരവിന്റെ നിയമസാധുത പരിശോധിച്ചു. നേരത്തെ ഇറക്കിയ ഉത്തരവ് നിയമാനുസൃതമല്ല. കരടുകൊണ്ട് ഈ പ്രശ്‌നം പരിഹാരിക്കാന്‍ കഴിയില്ല. അതിന് വേണ്ടത് 64 ചട്ടത്തില്‍ ഭേദഗതി വരുത്തുകയാണ് ചെയ്യേണ്ടത് എന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. ഇതിനെ അടിസ്ഥാനമാക്കി നിയമവകുപ്പിന്റെ ഉപദേശം പൂര്‍ണമായി നടപ്പിലാക്കികൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlight: Muttil tree felling case