കെ.സുരേന്ദ്രൻ | ഫോട്ടോ: അഖിൽ ഇ.എസ്. | മാതൃഭൂമി
ന്യൂഡല്‍ഹി: കൊടകര കുഴല്‍പ്പണക്കേസ് ആരോപണങ്ങളില്‍ നിന്ന് തടിയൂരാന്‍ മുട്ടില്‍ മരംമുറി ആയുധമാക്കാന്‍ ഒരുങ്ങി ബി.ജെ.പി. പിണറായി സര്‍ക്കാരിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ കേന്ദ്ര വനംമന്ത്രാലയത്തെ ഇടപെടീക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശ്രമം തുടങ്ങി. കൊടകരകുഴല്‍പ്പണക്കേസ് ആരോപണത്തില്‍ ഒന്നാന്നായി വിളിച്ച് ചോദ്യം ചെയ്യുകയും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി കെ.സുന്ദരയെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ നീക്കങ്ങള്‍ക്കെതിരേ ബദല്‍ നീക്കം ബി.ജെ.പി. നടത്തുന്നത്.
മുട്ടില്‍ മരം മുറി സംസ്ഥാന സര്‍ക്കാരിനെതിരേ ആയുധമാക്കാനാണ് ബി.ജെ.പി.യുടെ നീക്കം. ഡല്‍ഹിയിലുള്ള കെ.സുരേന്ദ്രന്‍, ഇതിന്റെ ഭാഗമായി കേന്ദ്ര വനംപരിസ്ഥിതി പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തും. മന്ത്രാലത്തെ വിഷയത്തില്‍ ഇടപെടീക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് സൂചന. വനം കണ്‍കറന്റ് ലിസ്റ്റായതിനാല്‍ മുട്ടില്‍ മരംമുറിയില്‍ വനംവകുപ്പുകൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ള വിഷയമാണ്. അതിനാല്‍ വിഷയത്തില്‍ കേന്ദ്രത്തെ ഇടപെടുവിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി ആലോചന നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സുരേന്ദ്രന്‍ ജാവദേക്കറെ കാണുന്നത്.
ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ആരോപണ വിധേയരായിട്ടുണ്ട്. അതിനാല്‍ അവരില്‍ നിന്ന് വിശദീകരണം തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരുവാന്‍ കഴിയുമോ എന്നാണ് ബി.ജെ.പി. ഉറ്റുനോക്കുന്നത്. എന്നാല്‍ നിലവില്‍ കേന്ദ്രമന്ത്രിയെ കാണാനുള്ള സമയം കെ.സുരേന്ദ്രന് ലഭിച്ചിട്ടില്ല. മന്ത്രി മറ്റുപല യോഗങ്ങളിലാണ്. ഇന്നോ നാളെയോ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..