ഗുലാം ഹസൻ ആലംഗീർ. Image: facebook.com|gulamalam
മലപ്പുറം: റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരംമദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ് നേതാവ്. യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ഗുലാം ഹസന്‍ ആലംഗീറാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ ആവശ്യമുന്നയിച്ചത്.
ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷകക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിവറേജ് ഔട്ട്‌ലെറ്റുകളടക്കം അടച്ചിടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയത്. അതേസമയം, ഗുലാം ഹസന്റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍നിന്നടക്കം വിമര്‍ശനം ഉയര്‍ന്നതോടെ ഗുലാം ഹസന്‍ പ്രസ്തുത ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെയും അതിലൂടെ പ്രതിപക്ഷത്തിന് മേല്‍ ആ കുറ്റം ചാര്‍ത്തിക്കൊടുക്കാന്‍ കാത്തിരിക്കുന്ന ഭരണപക്ഷത്തെ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
Content Highlights: muslim youth league leader facebook post, he says liquor should be give through ration shop
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..