ജയ്പുര്‍: 'ജയ് ശ്രീറാം' ജപിക്കാനാവശ്യപ്പെട്ട് മുസ്‌ളിം മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് 45കാരനെ നിരന്തര മര്‍ദ്ദനത്തിന് ഇരയാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേമുയര്‍ന്നു.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. വിനയ് മീണ എന്ന 18 വയസ്സുകാരന്‍, മുഹമ്മദ് സലിം എന്നയാളെ മര്‍ദ്ദിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. 'ജയ് ശ്രീറാം' എന്ന് പറയാന്‍ ആവശ്യപ്പെട്ടാണ് മുഖത്തും തലയിലും പുറത്തും നിരന്തരം മര്‍ദ്ദിക്കുന്നത്. ഇയാള്‍ 25- തവണ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ 'ദൈവം സര്‍വ്വശക്തനാണ്' എന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അബു റോഡ് സിറ്റി സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും വിനയ് മീണയെ കസ്റ്റഡിയിലെടുത്തതായും എസ്.പി സിരോഹി ഓംപ്രകാശ് പറഞ്ഞു.

ഡിസംബറില്‍ രാജസ്ഥാനിലെ രാജ്‌സമന്ദില്‍ മുഹമ്മദ് അഫ്രാസുല്‍ എന്നയാളെ ആക്രമിക്കുകയും ജീവനോടെ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ലൗ ജിഹാദ് ആരോപിച്ചായിരുന്നു ശംഭുലാല്‍ റൈഗര്‍ എന്നയാള്‍ കൊല നടത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഏപ്രിലില്‍ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്‌ലു ഖാന്‍ എന്നയാളെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും ഏറെ വിവാദമായിരുന്നു.

Content Highlights: Muslim man slapped, man beaten up, Rajasthan